യു.എ.ഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്കും പ്രവാസികൾക്കും ഇനി മുതൽ ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകൾ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്രിഖ് ബാങ്കുമായി സഹകരിച്ച് ഫോൺപേയിലൂടെ ആണ് ഈ സൗകര്യം സാധ്യമാക്കിയത്. വിവിധയിടങ്ങളിലെ മഷ്ഠിഖിന്റെ നിയോപേ കൗണ്ടറുകൾ വഴി ഇടപാട് നടത്താനാവും. കറൻസി വിനിമയ നിരക്ക് കാണിച്ച ശേഷം ഇന്ത്യൻ രൂപയിലാണ് പണം ഈടാക്കുക. റീട്ടെയിൽ ഔട്ട്ലറ്റുകളിലെയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലെയും റസ്റ്റാറന്റുകളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയുമൊക്കെ ക്യൂ.ആർ കോഡുകൾ ഫോൺ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം നൽകാൻ സാധിക്കും. ഇടപാട് വിപുലീകരിക്കുന്നതിനായി രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ നിയോപേ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇടപാടിനുമുമ്പ് കറൻസി എക്സ്ചേഞ്ച് നിരക്ക് കാണിക്കുന്നതിനാൽ ഇടപാടുകാർക്ക് സുതാര്യത ഉറപ്പുവരുത്താനുമാകും. ഇതിനായി ഫോൺപേയുടെ യൂനിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) യു.എ.ഇയിലേക്കും വിപുലീകരിച്ചതായി കമ്പനി അറിയിച്ചു. യു.എ.ഇയിലെ പ്രവാസികൾക്ക് അവരുടെ മൊബൈൽ നമ്പറിൽ തന്നെ ഈ സൗകര്യം ഉപയോഗിക്കാം.
ചെയ്യേണ്ടതിങ്ങനെ;
ഇതിനായി ആദ്യം, ഫോൺപേ ആപ്പിൽ യു.പി.ഐ ഇന്റർനാഷനൽ എന്ന ഒപ്ഷൻ തിരഞ്ഞെടുക്കണം. ശേഷം അന്താരാഷ്ട്ര പേയ്മെന്റുകൾക്കായി, ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യണം. തുടർന്ന് യു.പി.ഐ പിൻ നൽകിയാൽ ഈ സൗകര്യം ലഭ്യമാവും.