ന്യൂഡൽഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം. എബിവിപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളും ഇടതുപക്ഷം കരസ്ഥമാക്കി.
എസ്എഫ്ഐയും എഐഎസ്എഫും പതിറ്റാണ്ടുകളായി അഭിമാനത്തോടെ ചൂണ്ടിക്കാട്ടിയിരുന്ന സർവകലാശാലയാണ് ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി. ജെഎൻയുവിനെ തങ്ങളുടെ ചെങ്കോട്ടയായാണ് ഇരു സംഘടനകളും കണ്ടിരുന്നത്. എന്നാൽ, ജെഎൻയുവിൽ എസ്എഫ്ഐയുടെയും എഐഎസ്എഫിന്റെയും പ്രതാപം മങ്ങുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഇന്നലെ ജെഎൻയു വിദ്യാർത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ഇടത് വിദ്യാർത്ഥി സഖ്യം എബിവിപിയെ പരാജയപ്പെടുത്തിയെങ്കിലും ഇടത് വിദ്യാർത്ഥി സഖ്യത്തിൽ രണ്ടാംനിരക്കാരായാണ് എസ്എഫ്ഐയും എഐഎസ്എഫും മത്സരിച്ചത് എന്നതാണ് വാസ്തവം. ഇടത് വിദ്യാർത്ഥി സഖ്യത്തിന് നേതൃത്വം നൽകിയത് ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും ബാപ്സയും ചേർന്നായിരുന്നു.
ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (AISA), സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI), ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (DSF), ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (AISF) എന്നിവ ഉൾപ്പെടുന്നതാണ് ഐക്യ ഇടതുപക്ഷം. ഗ്രൂപ്പിലെ ഓരോ ഇടത് പാർട്ടികളും നാല് സ്ഥാനങ്ങളിലേക്ക് ഓരോ സ്ഥാനാർത്ഥികളെ വീതം നിർത്തി. ഡെമോക്രാറ്റിക് സ്റ്റുഡൻ്റ്സ് ഫെഡറേഷൻ നേതാവ് സ്വാതി സിംഗ് ആയിരുന്നു സഖ്യത്തിലെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി. എന്നാൽ, ഇവരുടെ നോമിനേഷൻ തള്ളിയതോടെ സഖ്യം ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻ്റ്സ് അസോസിയേഷൻ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജനറൽ സെക്രട്ടറിയായി മത്സരിച്ച ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (BAPSA) സ്ഥാനാർത്ഥി പ്രിയാൻഷി ആര്യക്കായിരുന്നു ഇടത് സഖ്യത്തിന്റെ പിന്തുണ. 2887 വോട്ടുകൾ നേടിയാണ് പ്രിയാൻഷി ആര്യ വിജയിച്ചത്. എബിവിപിയുടെ അർജുൻ ആനന്ദിന് 1961 വോട്ടുകൾ ലഭിച്ചു.
എഐഎസ്എ(ഐസ)യാണ് മുന്നണിയെ നയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് എഐഎസ്എ(ഐസ) നേതാവ് ധനഞ്ജയ് ആയിരുന്നു. 922 വോട്ടുകൾക്കാണ് ധനഞ്ജയ് എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ പരാജയപ്പെടുത്തിയത്. ധനഞ്ജയ്ക്ക് 2598 വോട്ടുകൾ ലഭിച്ചപ്പോൾ എബിവിപി സ്ഥാനാർഥിക്ക് 1676 വോട്ടെ ലഭിച്ചുള്ളൂ.
സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ച ഇരിങ്ങാലക്കുട സ്വദേശി കെ. ഗോപിക ബാബു (എസ്എഫ്ഐ) വിജയിച്ചത് മലയാളിത്തിളക്കമായി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്ഐ നേതാവും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എഐഎസ്എഫ് നേതാവും മത്സരിച്ചു. ആകെ 2,409 വോട്ടുകൾ നേടിയാണ് എസ്എഫ്ഐയിലെ അവിജിത് ഘോഷ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചത്. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എഐഎസ്എഫിലെ എം സാജിദ് 2574 വോട്ടുകൾക്കാണ് വിജയിച്ചത്.