തൃശൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന് ഉപയോഗിക്കരുതെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശക്തമായ താക്കീത് അവഗണിച്ച് ഹാളിൽ മൊബൈൽ ഫോൺ സൂക്ഷിച്ച അധ്യാപികക്കെതിരെ നടപടി. എസ്.എസ്.എൽ.സി പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്ററിൽ നിന്നും തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡ് മൊബൈൽ ഫോൺ കണ്ടെടുത്തു. തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ കാൽഡിയൻ സിലിയൻ സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇൻവിജിലേറ്ററിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്. ഇതിനെ തുടർന്ന് ഇൻവിജിലേറ്ററെ പരീക്ഷാ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കിയെന്ന് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
പരീക്ഷ സെന്ററിലെ ചീഫ് സൂപ്രണ്ടിനും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനും എതിരെ മാതൃകാപരമായ അച്ചടക്ക നടപടി സ്വീകരിക്കും.
പരീക്ഷ അവസാനിക്കുന്ന തിങ്കളാഴ്ചയും മൂന്ന് വ്യത്യസ്ത സ്‌ക്വാഡുകൾ വിദ്യാഭ്യാസ ജില്ലയിൽ ഉടനീളം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ അതിരുവിട്ടു പോകാതിരിക്കാൻ ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ പല സ്‌കൂളുകളിലും ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുക തുടങ്ങിയ പ്രവണതകൾ ഉണ്ടാകാറുണ്ട്. അത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാവും. പൊലീസ് സംരക്ഷണവും സ്‌കൂൾ പരിസരത്ത് ഉണ്ടാകും. എല്ലാ സ്‌കൂളുകളിലെയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളിൽ എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. അമിത ആഹ്ലാദ പ്രകടനങ്ങൾ നടത്തി സ്‌കൂൾ സാമഗ്രികൾ നശിപ്പിച്ചാൽ, ചെലവ് മുഴുവൻ രക്ഷിതാവിൽ നിന്നും ഈടാക്കി മാത്രമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂവെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. എ. അൻസാർ അറിയിച്ചു