ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അൽപസയമത്തിനകം ഇ.ഡി കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കാനിരിക്കേയാണ് ഹർജി പിൻവലിച്ചത്. നേരത്തെ, മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവ് കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം റിട്ട് ഹര്‍ജിയുമായാണ് കവിത സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നതിന് വ്യവസ്ഥാപിതമായി മാര്‍ഗങ്ങളുണ്ടെന്നും ആ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്‌രിവാളിനെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്ന് രണ്ടു മണിയോടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.