കുമളി: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചന്‍, 50) ആണ് മരിച്ചത്. തീപടർന്നതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എബ്രഹാമിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു എന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തില്‍ പടര്‍ന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാര്‍ഥം ഓടുന്നതിടെ തീ ശരീരത്തില്‍ മുഴുവന്‍ പടരുകയും ചെയ്തു.
ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ തന്നെ അല്‍പം വൈകിയാണ് സമീപവാസികള്‍ പോലും അപകടവിവരം അറിഞ്ഞത്. കുമളി പോലിസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read Also: ഓംലെറ്റ് വൈകിയതിനെ ചൊല്ലി തർക്കം മൂത്ത് ദോശക്കട തല്ലിത്തകർത്തു; രണ്ടു പേർ അറസ്റ്റിൽ