വടക്കഞ്ചേരി: ഓൺലൈൻ തട്ടിപ്പിനിരയായ യുവാവ് പണം തിരികെ നേടാൻ സ്വീകരിച്ചത് അതേ മാര്‍ഗം തന്നെ. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശിയായ സുജിത്തി(34)നെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയിൽനിന്നും 1.93 ലക്ഷം രൂപ കൈക്കലാക്കിയതിനാണ് .
സുജിത്തിന് ഓൺലൈൻ തട്ടിപ്പിലൂടെ 1.40 ലക്ഷം രൂപ നഷ്ടമായിരുന്നു. ഇത് തിരികെ പിടിക്കുന്നതിനായാണ് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയതെന്നാണ് പോലീസ് പറയുന്നത്.
1.93 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടപ്പെട്ടത്. വർക്ക് ഫ്രം ഹോം എന്ന പേരിൽ സാമൂഹികമാധ്യമത്തിൽ വന്ന സന്ദേശത്തിലൂടെയാണ് യുവതി കെണിയിൽ വീണത്. ആദ്യഘട്ടത്തിൽ ഓൺലൈനിൽ വിവിധ ടാസ്‌കുകൾ പൂർത്തിയാക്കിയപ്പോൾ പണം ലഭിച്ചു. തുടർന്ന് നിശ്ചിത തുകയടച്ച് ടാസ്‌ക് തിരഞ്ഞെടുക്കുന്ന രീതിയായി. ഇതിലും പണം തിരികെ ലഭിച്ചതോടെ വിശ്വാസം വർധിച്ചു. ഉയർന്ന തുകയ്ക്കുള്ള ടാസ്‌കുകൾ തിരഞ്ഞെടുത്തത്തോടെ പണം തിരികെ ലഭിക്കാതാവുകയായിരുന്നു. തുടർന്ന് തട്ടിപ്പാണെന്ന സംശയം തോന്നിയതോടെ യുവതി പരാതി നൽകുകയായിരുന്നു.
93000 രൂപ പല അക്കൗണ്ടുകളിലേക്കും ഒരു ലക്ഷം രൂപ സുജിത്തിന്റെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഈ തുക പിൻവലിക്കും മുമ്പ് അക്കൗണ്ട് മരവിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിലെ സൂത്രധാരന്മാർ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
ഉത്തരേന്ത്യൻ സംഘം നേരത്തെ സുജിത്തിൽനിന്ന് ഓൺലൈൻ വഴി പണം തട്ടിയിരുന്നു. പിന്നീട് ഇവരിൽനിന്ന് ഓൺലൈൻ തട്ടിപ്പിന്റെ രീതി മനസ്സിലാക്കി സുജിത്ത് യുവതിയിൽനിന്ന് പണം തട്ടിയെടുത്തെന്നാണ് വടക്കഞ്ചേരി പോലീസ് പറയുന്നത്.