ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അടഞ്ഞുകിടക്കുന്ന വാതിൽ അടഞ്ഞു തന്നെ കിടന്നോട്ടെ എന്നും പക്ഷേ ഉപദ്രവിക്കാൻ ശ്രമിച്ചാൽ മറ്റ് വഴികൾ തേടേണ്ട വരും എന്നും രാജേന്ദ്രൻ വ്യക്തമാക്കി. രണ്ടുവർഷമായി പാർട്ടിയിൽ നിന്നും അകന്നു നിൽക്കുകയാണ് രാജേന്ദ്രൻ. ചതിയൻ മാർക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്നും സിപിഎം അംഗത്വം പുതുക്കാൻ തനിക്ക് താല്പര്യം ഇല്ലെന്നും കഴിഞ്ഞ ദിവസം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. മൂന്നുതവണ സിപിഎം ടിക്കറ്റിൽ എംഎൽഎയായ രാജേന്ദ്രൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ രാജയ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ രാജേന്ദ്രനെ വളഞ്ഞു പിടിക്കാൻ ബിജെപി നേരത്തെ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ബിജെപിയുടെ ദേശീയ നേതാവും പ്രാദേശിക നേതാക്കളും അടക്കം കഴിഞ്ഞദിവസം രാജേന്ദ്രന്റെ വീട്ടിലെത്തി ചർച്ചകൾ നടത്തിയിരുന്നു. ഇതോടെ അപകടം മണത്ത സിപിഎം നേതാക്കളും രാജേന്ദ്രനെ തേടിയെത്തി. ജനുവരി 24ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനും ഫെബ്രുവരി 9 ജില്ലാ സെക്രട്ടറി സി വി വർഗീസും രാജേന്ദ്രനെ കണ്ട് സംസാരിച്ചിരുന്നു. മൂന്നാറിലെ തോട്ടം മേഖലയിൽ രാജേന്ദ്രന് സ്വാധീനമുള്ള തമിഴ് മേഖലകളിൽ നിന്നുള്ള വോട്ടുകളാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യം.