കാസർകോട്: ഉത്സവപ്പറമ്പിൽ ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച നിലയിൽ. മഞ്ചേശ്വരത്താണ് സംഭവം. യപ്പദവ് സ്വദേശി ആരിഫ് ആണ് മരിച്ചത്. ഇയാൾ ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവിഴുകയായിരുന്നു. ആരിഫിന്റെ ദേഹത്ത് പരിക്കേറ്റ പാടുകളുണ്ടെന്നാണ് ബന്ധുകളുടെ ആരോപണം.
ഇന്നലെ വൈകീട്ടാണ് ഉത്സവപ്പറമ്പിൽ ബഹളം വച്ചതിന് ആരിഫിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഏഴുമണിയോടെ ആരിഫിനെ വിട്ടയച്ചതായി മഞ്ചേശ്വരം പൊലീസ് പറയുന്നു. യുവാവിനെ വിട്ടയക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കളെ കാണിച്ചതായും പൊലീസ് പറയുന്നു. ഇതിൽ ഒന്നും മർദ്ദനമേറ്റതായി സൂചനകൾ ഇല്ല.
തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. യുവാവിനെ മർദ്ദിച്ചിട്ടില്ല എന്നതാണ് മഞ്ചേശ്വരം പൊലീസിന്റെ ഭാഷ്യം. കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തീരുമാനമെടുക്കുമെന്ന് ബന്ധുക്കൾ പറയുന്നു.