ന്യൂഡൽഹി: പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിർദേശം. അക്കൗണ്ട് തുറക്കാൻ കേരളത്തിൽ തന്നെ മൽസരിക്കണമെന്നാണ് നിർദേശം ഉയർന്നത്.
ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പരിഗണിച്ചത് വിജയസാധ്യത മാത്രം. പട്ടിക ഉടൻ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലുള്ള കേന്ദ്രതിരഞ്ഞെടുപ്പു സമിതി ചർച്ച ചെയ്ത പട്ടികയിൽ കുറച്ചു പേരുകളേ ഉള്ളൂ എന്നാണു വിവരം. പ്രധാനമന്ത്രിയുടെ വസതിയിൽ അമിത് ഷാ, ജെ.പി.നഡ്ഡ എന്നിവരടക്കം പങ്കെടുത്ത ആലോചനായോഗത്തിനു ശേഷമാണ് നേതാക്കൾ തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിനെത്തിയത്.
കേരളത്തിലേതടക്കം ചില സീറ്റുകളും ആദ്യ പട്ടികയിലുണ്ടായേക്കുമെന്നാണ് അഭ്യൂഹം. പ്രമുഖരുടെ പേരുകളും പ്രഖ്യാപിച്ചേക്കാം. കഴിഞ്ഞ തവണ മത്സരിച്ച പല പ്രമുഖരെയും ഒഴിവാക്കി പുതുമുഖങ്ങളെ കൊണ്ടുവരും. കേന്ദ്രമന്ത്രിസഭാ വികസന സമയത്ത് ഒഴിവാക്കപ്പെട്ട പല പ്രമുഖർക്കും ഇത്തവണ സീറ്റുണ്ടാകില്ലെന്ന അഭ്യൂഹവും ശക്തമാണ്. കഴിഞ്ഞ തവണ പാർട്ടി 437 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. 303 സീറ്റുകൾ നേടി.