തിരുവല്ല: കാണാതായ ഒമ്പതാം ക്ലാസുകാരി തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് പുലർച്ചെ നാലരയോടെ വിദ്യാർഥിനി തിരുവല്ല സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷന്റെ സമീപത്ത് കൊണ്ടുവിട്ട ശേഷം യുവാവ് മുങ്ങുകയായിരുന്നു. യുവാവിനെ പോലീസ് പിന്തുടർന്നു ബസിൽ നിന്ന് പിടികൂടുകയായിരുന്നു.
തൃശ്ശൂർ സ്വദേശി അഖിൽ (22) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കൊണ്ടുപോയവരിലെ രണ്ടാമത്തെ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
പതിനഞ്ചുകാരിയെ കൊണ്ടുപോയവരുടെ ചിത്രങ്ങൾ പൊലീസ് ഇന്നലെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച പരീക്ഷയ്ക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. സമീപത്തെ കടകളിലെയും സ്വകാര്യ ബസിലേയും സിസിടിവിയിൽ നിന്നുമാണ് പെൺകുട്ടിയെ കൊണ്ടുപോയവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയത്.
ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.അതിന് പിന്നാലെയാണ് പെണ്‍കുട്ടി സ്റ്റേഷനില്‍ ഹാജരായത്.