27 കാരിയും മേക്ക്അപ്പ് ആർട്ടിസ്റ്റുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ തെലുങ്ക് നടൻ സന്തോഷിനെതിരെ കേസ്. ബെഗളൂരു ജ്ഞാനഭാരതി പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഉല്ലാൽ മെയിൻ റോഡ് സ്വദേശിനിയായ ബ്യൂട്ടീഷനാണ് പരാതിയുമായി രംഗത്തെത്തിയത്. 2019ലാണ് സന്തോഷിനെ പരാതിക്കാരി പരിചയപ്പെടുന്നത്. സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞ് സന്തോഷ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തത് എന്ന് പരാതിയിൽ പറയുന്നു. തുടർന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളിൽ പീഡിപ്പിക്കുകയായിരുന്നു.
അതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതു ചോദ്യംചെയ്തതിനു സന്തോഷ് മർദിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഫെബ്രുവരി 14ന് സന്തോഷ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.