ആ 61 കുട്ടികൾക്ക് എന്തുപറ്റി? അവർ എങ്ങോട്ട് പോയി? അവർ ഇപ്പോഴും ജീവനോടെയുണ്ടോ? ഉണ്ടെങ്കിൽ അവർ എന്ത് ചെയ്യുന്നു? ഒരു കുട്ടിയെ കാണാതായാൽ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്ന ശേഷിയുള്ള പൊലീസ് സംവിധാനമാണ് നമ്മുടേത്. എന്നിട്ടും കഴിഞ്ഞ 5 വർഷത്തിനിടെ കാണാതായ 61 കുട്ടികളെയാണ് ഇനിയും പൊലീസിനു കണ്ടെത്താൻ കഴിയാത്തത്.
ഈ കുട്ടികളുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ അനവധിയാണ്. ഇവരെ ആരാണ് കടത്തിക്കൊണ്ടുപോയത്? അവയവകൈമാറ്റ മാഫിയായോ? അതോ ഭിക്ഷാടന മാഫിയയോ? അതുമല്ലെങ്കിൽ തീവ്രവാദ സംഘങ്ങളോ? ഇനി ഇവർ ലഹരിസംഘങ്ങളുടെ പിടിയിലായോ? അന്താരാഷ്ട്ര ബന്ധമുള്ള സെക്സ് റാക്കറ്റുകളാകുമോ ഈ കുട്ടികളുടെ തിരോധാനത്തിന് പിന്നിൽ? കേരള പൊലീസിന്റെ കാഴ്ച്ചകളെ മറയ്ക്കും വിധം ശക്തരായ ആരുടെ കൈകളിലാണ് ഈ കുട്ടികൾ പെട്ടിരിക്കുന്നത് എന്നതിന്റെ ഉത്തരം കണ്ടെത്തുക തന്നെ വേണം
6 കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചു കേസ് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്കു പൊലീസ് റിപ്പോർട്ട് നൽകി.
ദിനംപ്രതി അത്തരം സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുമുണ്ട്. കാണാതായി മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെ കണ്ടെത്തുന്ന അന്വേഷണ വിദഗ്ധരായ പൊലീസ് സേനയാണ് ഇവിടെയുള്ളത്.
കാണാതായവരിൽ 42 പേർ ആൺകുട്ടികളാണ്; 19 പെൺകുട്ടികളും. 2018 മുതൽ 2024 ജനുവരി വരെയുള്ള കണക്കാണിത്.
ഭിക്ഷാടന മാഫിയ, അന്യസംസ്ഥാന നാടോടി സംഘങ്ങൾ, മനുഷ്യക്കടത്തു സംഘങ്ങൾ എന്നിവ തട്ടിക്കൊണ്ടുപോയ കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള കേസുകൾ കൈകാര്യം ചെയ്യാനായി പ്രത്യേക സെൽ എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതേ ഉദ്യോഗസ്ഥരാണു ജില്ലകളിലെ മറ്റുപല പ്രത്യേക സെല്ലിന്റെയും നോഡൽ ഓഫിസർമാർ.