ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിന് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ ശേഷം ഒന്നാം പ്രതി സവാദ് ഒളിവിൽകഴിഞ്ഞ 13 വർഷത്തെ കഥകളുടെ വേരുതേടി NIA . ബന്ധുക്കൾ ഉൾപ്പെടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നിർദേശം നൽകി. സവാദ് കണ്ണൂർ ജില്ലയിൽ മാത്രം ഒളിവിൽ കഴിഞ്ഞത് 8 വർഷമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. വളപട്ടണം, ഇരിട്ടി, മട്ടന്നൂർ എന്നിവിടങ്ങളിൽ വാടകവീടുകൾ തരപ്പെടുത്താൻ എസ്ഡിപിഐ സഹായം ലഭിച്ചു എന്നാണ് അനുമാനം. സവാദിന്റെ ഭാര്യ, ഭാര്യപിതാവ്, സവാദിന്റെ വിവാഹം നടത്തികൊടുത്ത തിരുനാട്ടിലെ പള്ളിഭാരവാഹികൾക്കുമാണ് നാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ച് നോട്ടീസ് നൽകിയത്.
ഒന്നരവർഷം മുൻപാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം സവാദ് കാസർഗോഡ് ബേരത്തെ വാടകവീട്ടിലെത്തിയത്. ഷാജഹാൻ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. വരുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് പ്രസവിച്ചത്. 5000 രൂപ മാസവാടകയ്ക്കാണ് സവാദും കുടുംബവും ഇവിടെ താമസിച്ചത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ വരുമാനം മുടങ്ങിയ സവാദ്, ഏഴെട്ടുമാസംമുമ്പ് തൊഴിൽതേടി കണ്ണൂരിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
Also read: ഇന്നും നാളെയും യു.കെ.യിൽ ജോസലിൻ ആഞ്ഞടിയ്ക്കും; ശീതകാല കൊടുങ്കാറ്റ് പരമ്പരയിൽ പത്താമൻ