ലേകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിലാണ്. സ്നേഹത്തിന്റെയും സമാധാനത്തിന്റേയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് പ്രാത്ഥനകളും ആഘോഷങ്ങളുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഉത്സവമാക്കുകയാണ് ഏവരും. വീടുകളും ദേവാലയങ്ങളുമെല്ലാം തിരുപ്പിറവിയുടെ സ്മരണ പുതുക്കി നക്ഷത്രങ്ങളും പുൽക്കൂടുകളുംകൊണ്ട് അലങ്കരിച്ചു. ക്രിസ്തുമസിനോടനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. ലോകമെമ്പാടുമുള്ള പള്ളികളിൽ പ്രാർത്ഥനകളും ആഘോഷങ്ങളും തുടരുകയാണ്.ശത്രുവിനെ സ്‌നേഹിക്കാൻ സ്വജീവിതത്തിലൂടെ ലോക ജനതക്ക് പാഠമായ യേശുദേവന്റെ ജീവിതം മാതൃകയാക്കാനാണ് ഓരോ തിരുപ്പിറവിയും നമ്മെ ഓർമിപ്പിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയർക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്തുമസെന്നും ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്‌തുമസ് കേരളീയർ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
അതെ സമയം ക്രിസ്തുമസ് സന്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിലായിരുന്നു വിമർശനം. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാർത്ഥം സത്യം വളച്ചൊടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.നീതി നിഷേധിക്കപ്പെടുകയാണ്. വിവേചനങ്ങൾ കൂടിവരുന്നു. ജാതിയുടെയും സമുദായത്തിൻ്റെയും പേരിൽ മാറ്റി നിർത്തുന്ന പ്രവണത രാജ്യത്ത് കൂടുകയാണ്. വികസനത്തിൻ്റെ പേരിൽ നമ്മുടെ ജനത ക്ലേശം അനുഭവിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.