മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഏറെ വേദനിച്ച ദിവസമായിരുന്നു നവംബർ 19. ലോകകപ്പ് ഫൈനലിലെ തോൽവിയിൽ നിന്ന് ഇപ്പോഴും ആരാധകരും താരങ്ങളും മുക്തരായില്ല. സ്വന്തം തട്ടകത്തിലെ കിരീടനേട്ടമെന്ന സ്വപ്നമാണ് ഓസ്‌ട്രേലിയ തകർത്തെറിഞ്ഞത്. മത്സര ശേഷം ആരാധകരെ ഏറെ വേദനിപ്പിച്ചത് നായകൻ രോഹിത് ശർമയുടെ മൗനമായിരുന്നു. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വലിയ തിരിച്ചടിയാണ് ഫൈനലിലെ തോല്‍വി നൽകിയത്. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരിമിത ഓവര്‍ ടീമില്‍ നിന്ന് വിട്ടുനിന്ന രോഹിത് ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
ഇപ്പോഴിതാ ലോകകപ്പ് ഫൈനലിലെ തോല്‍വി തന്നെ എങ്ങനെയാണ് ബാധിച്ചതെന്നും അതിജീവിച്ചത് എങ്ങനെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. ‘ഫൈനലിലെ തോല്‍വിയുടെ നിരാശയില്‍ നിന്ന് എങ്ങനെ തിരിച്ചവരണമെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എന്റെ കുടുംബവും സുഹൃത്തുക്കളുമായി തിരിച്ചുവരാന്‍ എനിക്ക് വെളിച്ചം നല്‍കിയത്. അല്ലായിരുന്നെങ്കില്‍ വളരെ പ്രയാസമാകുമായിരുന്നു. ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത തോല്‍വിയായിരുന്നു നേരിട്ടത്. എന്നാല്‍ ജീവിതം മുന്നോട്ട് പോകേണ്ടതായുണ്ട്. പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍ അത് എളുപ്പമല്ല’ രോഹിത് പറഞ്ഞു. ലോകകപ്പിലുടെനീളം ഗംഭീര പ്രകടനമാണ് ഇന്ത്യ നടത്തിയത്. എല്ലാ മത്സരത്തിലും സര്‍വാധിപത്യ ജയമാണ് ഇന്ത്യ നേടിയത്. എന്നാല്‍ ഫൈനലില്‍ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിച്ചു. ഒന്നര ലക്ഷത്തോളം ആളുകള്‍ ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലുണ്ടായിരുന്നു.
സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റിങ് പാളി. ബൗളര്‍മാര്‍ക്ക് പിടിച്ചെടുക്കാന്‍ സാധിക്കാവുന്ന സ്‌കോറായിരുന്നില്ല ഇന്ത്യ നേടിയത്. ടോസ് ഓസീസിന് അനുകൂലമായതോടെ അവര്‍ രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പിച്ചിലെ മഞ്ഞിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഓസീസെടുത്ത തീരുമാനം കൃത്യമായി. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മഞ്ഞ് പെയ്ത പിച്ചില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. രോഹിത് ശര്‍മയെന്ന നായകനില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ രോഹിത്തിന്റെ തന്ത്രങ്ങളൊന്നും ഫലിച്ചില്ല. ’50 ഓവര്‍ ലോകകപ്പ് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്നെ സംബന്ധിച്ച് ഏകദിന ലോകകപ്പ് നേടുകയെന്നതാണ് വിലപ്പെട്ട കാര്യം. ഇതിന് വേണ്ടിയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ കിരീടം നഷ്ടമാകുന്നത് നിരാശപ്പെടുത്തുന്നു. ചില സമയത്ത് നിരാശ തോന്നുകയും ചില സമയത്ത് ദേഷ്യം തോന്നുകയും ചെയ്യും.
ടീമിനുവേണ്ടി എല്ലാം ചെയ്തുവെന്നാണ് കരുതുന്നത്. എന്താണ് ഫൈനലില്‍ സംഭവിച്ചതെന്ന് ആരെങ്കിലും ചോദിച്ചാല്‍ 10 മത്സരങ്ങളും ഞങ്ങള്‍ ജയിച്ചെങ്കിലും ഫൈനലില്‍ ചില പിഴവുകള്‍ സംഭവിച്ചുവെന്ന് ഞാന്‍ പറയും. എല്ലാം തികഞ്ഞ പ്രകടനമല്ല കലാശപ്പോരാട്ടത്തില്‍ കാഴ്ചവെച്ചത്’- രോഹിത് കൂട്ടിച്ചേര്‍ത്തു. ബാറ്റ്‌സ്മാനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിനായി. പവര്‍പ്ലേയില്‍ രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ കരുത്ത്.
ഫൈനലിലും തകര്‍പ്പന്‍ പ്രകടനമാണ് നായകൻ രോഹിത് കാഴ്ചവെച്ചത്. എന്നാല്‍ രോഹിതിന്റെ വിക്കറ്റ് വീഴ്ത്താനായതോടെ ഓസീസ് താരങ്ങൾ കൂടുതൽ കരുത്തരാവുകയായിരുന്നു. മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചെങ്കിലും മധ്യനിര തകർന്നടിയുകയായിരുന്നു. അപ്രതീക്ഷിത തോൽവിയെ തുടർന്ന് ഏറെക്കാലം രോഹിത് ആരാധകരോട് പ്രതികരിച്ചിരുന്നില്ല.
Read Also:ക്യാപ്റ്റൻ കുപ്പായത്തിലേക്ക് മടങ്ങി വരാനൊരുങ്ങി ഋഷഭ് പന്ത്; എന്നാൽ ചില ചോദ്യങ്ങൾ ഇനിയും ബാക്കി