ദില്ലി : ബിജെപിയുടെ രാഷ്ട്രിയ നയങ്ങളെ അതിനിശിതമായി വിമർശിക്കുന്നതിലൂടെ ശ്രദ്ധേയമാണ് ദില്ലി ജവഹർലാൽ നെഹറു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾ. ലോകത്തെ മികച്ച സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ജെ.എൻ.യു ക്യാമ്പസിനെ സജീവമായി നിറുത്തുന്നതും പി.എച്ച്.ഡി വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ വരെ നേതൃത്വം നൽകുന്ന സമരങ്ങളും പ്രതിഷേധങ്ങളുമാണ്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വരെ തടഞ്ഞ് നിറുത്തിയ ചരിത്രമുണ്ട് ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക്. ലോകത്തും രാജ്യത്തും നടക്കുന്ന എന്ത് സംഭവ വികാസങ്ങളെക്കുറിച്ചും നിലപാട് സ്വീകരിക്കുന്നവരാണ് ഇവിടത്തെ പഠിതാക്കൾ. ആവിശ്യമെങ്കിൽ ക്യാമ്പസിനുള്ളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് പഠനത്തിന്റെ ഭാഗമായി പഠിതാക്കളും അദ്ധ്യാപകരം കരുതുന്നു. രാജ്യത്തെ മറ്റ് സർവകലാശാലകളിൽ നിന്നും വ്യത്യസ്ഥമായ പഠനാന്തരീക്ഷം നിലനിൽക്കുന്ന ജെ.എൻ.യുവിൽ മികച്ച പഠന നിലവാരം പുലർത്തുന്നവർക്ക് മാത്രമേ അഡ്മിഷൻ പോലും ലഭിക്കാറുള്ളു. ഭരിക്കുന്ന സർക്കാരുകളുടെ നയങ്ങളെ കീറിമുറിച്ച് പരിശോധിച്ച് വിമർശനം ഉന്നയിക്കുന്ന ജെ.എൻ.യു ക്യാമ്പസ്, കുറേ വർഷമായി നരേന്ദ്രമോദി സർക്കാരിന്റെ വിമർശകരാണ്. ക്യാമ്പസ് യൂണിയൻ പിടിച്ചെടുക്കാൻ ആർ.എസ്.എസിന്റെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിലവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നിയമിക്കുന്ന വൈസ് ചാൻസിലർമാർ വഴി ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുകയും അഡ്മിഷൻ നൽകുന്നതിൽ ഇളവുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ പൂർണമായും നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നു. സർവകലാശാല അധികൃതർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ക്യാമ്പസിനുള്ളിൽ പ്രതിഷേധിക്കുന്നവരിൽ നിന്നും 20,000യിരം രൂപ പിഴ ഈടാക്കും. ഇല്ലെങ്കിൽ രണ്ട് സെമസ്റ്റർ കാലത്തേയ്ക്ക് ക്യാമ്പസിൽ നിന്നും പുറത്താക്കും. അക്കാദമിക്, ഭരണനിർവഹണ കെട്ടിടങ്ങളുടെ 100 മീറ്റർ ചുറ്റളവിലാണ് നിരോധനം. ജെ.എൻ.യുവിലെ പ്രസിദ്ധമായ സമരപടികെട്ടുകളിൽ പ്രതിഷേധം നടത്താൻ കഴിയില്ല. അക്കാദമിക് കെട്ടിടത്തിനോട് ചേർന്നാണ് പടികെട്ടുകൾ ഉള്ളത്.
സർവകലാശാല അംഗങ്ങളുടെ വസതിയ്ക്ക് പുറത്തുള്ള പ്രതിഷേധങ്ങൾക്കും വിലക്കുണ്ട്. വിദ്യാർത്ഥികളുടെ 28 പ്രവർത്തികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളുടെ ഹോസ്റ്റർ റൂമിൽ താമസിക്കുക, മോശം പദം ഉപയോഗിക്കുക എന്നിങ്ങനെയുള്ളവയ്ക്കും പിഴ ശിക്ഷയുണ്ട്. നവാഗതർക്കുള്ള സ്വാഗത പരിപാടികൾ, അദ്ധ്യാപകർക്കുള്ള യാത്രയപ്പ് തുടങ്ങി പരമ്പരാഗതമായി എല്ലാ ക്യാമ്പസുകളിലും നില നിൽക്കുന്ന കാര്യങ്ങളും ഇനി ജെ.എൻ.യുവിലുണ്ടാകില്ല.