ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് സമീപത്ത് വച്ചായിരുന്നു ഗവർണർക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം. ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടകൾ എന്ന് വിശേഷിപ്പിച്ചാണ് ഗവർണർ കാറിന്റെ പുറത്തേക്കിറങ്ങിയത്. തനിക്ക് വേണ്ടത്ര സുരക്ഷ സംസ്ഥാന സർക്കാർ ഒരിക്കിയില്ലെന്നും ഗവർണർ വിമർശനം ഉന്നയിക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഗവര്‍ണര്‍ ഉയര്‍ത്തി. ‘മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ? ഈ ഗുണ്ടകളാണോ ഭരിക്കുന്നത്. ക്രിമിനലുകള്‍. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നില്‍. കാര്‍ ആക്രമിക്കുന്നതാണോ ജനാധിപത്യം. അവര്‍ മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കുമോ. കണ്ണൂരില്‍ ചെയ്തതുപോലെ എന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത്. ക്രിമിനലുകളെ വച്ചു പൊറുപ്പിക്കില്ല.. ജനങ്ങള്‍ക്ക് എന്തു സുരക്ഷയാണുള്ളത്. റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളെയും ഞാന്‍ അനുവദിക്കില്ല. ’ ഗവര്‍ണര്‍ പ്രതികരിച്ചു.
ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. തിരുവനന്തപുരം നഗരത്തിൽ വച്ച് ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്നും സതീശൻ പറഞ്ഞു.
Also read: ‘എന്റെ അഭിനയ ജീവിതത്തില്‍ ഇത് ആദ്യത്തെ അനുഭവം’; ‘സലാറിലെ’ കിടിലൻ സര്‍പ്രൈസ് പൊളിച്ച് പൃഥ്വിരാജ്