വയനാട്ടിൽ നാളെ നവകേരള സദസ് നടക്കാനിരിക്കെ, മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമെതിരെ വധഭീഷണി. വയനാട് കളക്ട്രേറ്റിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കുമെന്നാണെന്നു കത്തിലെ ഉള്ളടക്കം. യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു
വെവ്വേറ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് വന്നത്. കത്തുകിട്ടിയ വിവരം വയനാട് എസ്പി പദം സിങ് സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസ്സുകൾ തടസ്സപ്പെടുത്തുമെന്നാണ് കത്തിലുള്ളത്. സിപിഐഎംൽ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. കൂടാതെ, കളക്ട്രേറ്റിലേക്ക് മറ്റൊരു കത്തുകൂടി എത്തി. ജനസദസ്സിനോട് അനുബന്ധിച്ച് ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയുണ്ട്. നാളെയാണ് ജില്ലയിലെ ജനസദസ്സ്.