കൊച്ചി : കളമശേരിയ്ക്ക് സമീപമുള്ള സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി ക്രിസ്ത്യന്‍ വിഭാഗമായ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന യോഗം നടക്കുകയായിരുന്നു. ഇതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്. കത്തിക്കരിഞ്ഞ നിലയില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. മരിച്ചത് പ്രായമായ ഒരു സ്ത്രീയാണ്. 35 പേര്‍ക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഏഴുപേരുടെ നില അതീവഗുരുതരമാണ്. ഐസിയുവില്‍ പ്രവേശിപ്പിച്ചവര്‍ക്കൊപ്പം ഒരു കുട്ടിയുമുണ്ട്.
മൂന്ന് ദിവസമായി നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനം നടന്നത്. 2000 ത്തില്‍ അധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയിരുന്നു. സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതായി ദൃക്‌സാക്ഷികള്‍ സൂചിപ്പിക്കുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റര്‍ അകലെ മാത്രമാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. പൊട്ടിത്തെറിക്ക് ശേഷം കരിമരുന്നിന്റെ മണം ഉണ്ടായെന്നും പ്രദേശവാസികള്‍ പറഞ്ഞു.
സെന്ററിന്റെ നാലിടത്തായാണ് സ്‌ഫോടനം നടന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സ്‌ഫോടനവിവരം ഇപ്പോഴും അവ്യക്തമാണ്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ആശുപത്രിയിലെ ഡോക്ടസര്‍മാരും നഴ്‌സുമാരും അടക്കം മുഴുവന്‍ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.ഗണേശ് മോഹന്‍ അറിയിച്ചു.