ചുമരെഴുത്തിൽ ടെക് വിപ്ലവം; പാലക്കാട്ട് ‘ചുവർബോട്ട്’ ഉപയോഗിച്ച് പിഷാരടിക്കായി പ്രചാരണം
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതുമയായി ‘ചുവർബോട്ട്’ റോബോട്ട്. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി പാലക്കാട് കൊടുന്തിരപ്പുള്ളിയിൽ റോബോട്ട് ഉപയോഗിച്ച് ചുമരെഴുത്ത് നടത്തി.
തിരഞ്ഞെടുപ്പ് കാലത്ത് ചുമരെഴുത്ത് പ്രചാരണത്തിന്റെ പ്രധാന ഘടകമാണ്. എന്നാൽ ഈ പരമ്പരാഗത രീതിയിൽ ഇത്തവണ സാങ്കേതികവിദ്യയുടെ സ്പർശം കൂടി. പാലക്കാട് ജില്ലയിൽ ‘ചുവർബോട്ട്’ എന്ന റോബോട്ട് ഉപയോഗിച്ച് ചുമരെഴുത്ത് നടത്തി ശ്രദ്ധ നേടുകയാണ്.
യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ റോബോട്ട് ഉപയോഗിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡാണ് ‘ചുവർബോട്ട്’ വികസിപ്പിച്ചെടുത്തത്.
സിഎൻസി വാൾ സ്പ്രേ പ്രിന്റിംഗ് സാങ്കേതികവിദ്യയാണ് റോബോട്ട് ഉപയോഗിക്കുന്നത്. കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ (CNC) സംവിധാനത്തിലൂടെ നിർദ്ദിഷ്ട ഡിസൈൻ കൃത്യതയോടെ ചുമരുകളിൽ പ്രിന്റ് ചെയ്യാൻ ഇത് സഹായിക്കുന്നു.
ഭാഷയോ നിറമോ റോബോട്ടിന് തടസ്സമല്ല. മലയാളം ഉൾപ്പെടെ ഏതുഭാഷയിലും എഴുത്തുകൾ തയ്യാറാക്കാനും ചിത്രങ്ങൾ വരയ്ക്കാനും ഇതിന് കഴിയും. വാക്കുകളുടെ വലിപ്പത്തിനും ഡിസൈൻ സങ്കീർണ്ണതക്കും അനുസരിച്ച് പ്രവർത്തന സമയം മാറും. സാധാരണയായി 2 മുതൽ 3 മീറ്റർ നീളമുള്ള ചുമരിൽ 15 മുതൽ 20 മിനിറ്റിനുള്ളിൽ ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയും.
ഒരു ടെക്‌നീഷ്യനും ഒരു ഡിസൈനറുമടങ്ങുന്ന രണ്ട് പേർ ചേർന്നാണ് റോബോട്ട് നിയന്ത്രിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാങ്കേതിക വിദ്യയുടെ ഇടപെടൽ വർധിക്കുന്നതിന്റെ ഉദാഹരണമായി ‘ചുവർബോട്ട്’ മാറുകയാണ്.
English Summary
A wall-painting robot named “Chuvarbot” has been introduced in Kerala’s election campaign. Developed by a Palakkad-based startup, it uses CNC technology to create campaign wall art quickly and accurately.









