പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!
കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക് മൃഗസംരക്ഷണ വകുപ്പ് പരിശോധന സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിയന്ത്രണം വന്നതോടെ കേരളത്തിൽ പോത്ത് വളർത്തുന്ന കർഷകർക്ക് മികച്ച വിപണി ലഭിച്ചു. സംസ്ഥാനത്ത് നാടൻ പോത്തുകൾക്ക് ഇപ്പോൾ വലിയ ആവശ്യകതയാണ്.
റംസാൻ മാസമായതോടെ വിപണിയിൽ പോത്തിനുള്ള ആവശ്യക്കാർ കൂടി. മുമ്പ് ഏകദേശം 40,000 രൂപയ്ക്ക് ലഭിച്ചിരുന്ന പോത്തുകൾക്ക് ഇപ്പോൾ 70,000 രൂപവരെ വില ലഭിക്കുന്നതായി കർഷകർ പറയുന്നു.
കേരളത്തിലേക്ക് കൂടുതലായും പോത്തുകൾ എത്തിച്ചിരുന്നത് ആന്ധ്രപ്രദേശിൽ നിന്നാണ്. എന്നാൽ അവിടത്തെ നിയന്ത്രണങ്ങൾ കാരണം ഇപ്പോൾ നാട്ടിൽ വളർത്തുന്ന പോത്തുകൾക്ക് കൂടുതൽ ആവശ്യകത ഉയർന്നിരിക്കുകയാണ്. ബലി പെരുന്നാളിനോടനുബന്ധിച്ച് പോത്തിറച്ചിയുടെ വില ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
പോത്തുകൾക്ക് ഡിമാൻഡ് കൂടുന്ന സാഹചര്യത്തിൽ പലരും നൂറുകണക്കിന് പോത്തുകളെ വളർത്താൻ തയ്യാറാക്കിയിരിക്കുകയാണ്. പതിനായിരം രൂപയ്ക്കു താഴെ വിലയ്ക്ക് ലഭിക്കുന്ന പോത്തിൻ കുട്ടികളെ വാങ്ങി വളർത്തുന്ന രീതിയാണ് സാധാരണം. രണ്ടര മുതൽ മൂന്ന് വർഷത്തിനകം ഇവയ്ക്ക് 300 മുതൽ 350 കിലോ വരെ തൂക്കം വരും.
വാണിയംകുളം പോലുള്ള കന്നുകാലി ചന്തകളിൽ എത്തിക്കുമ്പോൾ ഓരോന്നിനും ലക്ഷത്തിന് മുകളിലായ വില ലഭിക്കുന്ന സാഹചര്യമുണ്ട്. പോത്തിറച്ചിയുടെ കിലോ വില 460 രൂപയിലേക്ക് ഉയർന്നതും ഈ മേഖലയിലെ ലാഭം വർധിപ്പിച്ചു.
പരിപാലനം എളുപ്പമാക്കാൻ പോത്തുകളെ കൂട്ടമായി പുഴയോ തീരപ്രദേശങ്ങളിലോ വിടുന്ന രീതിയും കർഷകർ പിന്തുടരുന്നു. ഉടമസ്ഥത തിരിച്ചറിയാൻ ശരീരത്തിൽ നമ്പറുകൾ ഉൾപ്പെടെയുള്ള അടയാളങ്ങൾ പെയിന്റ് ഉപയോഗിച്ച് രേഖപ്പെടുത്തുകയും ചെയ്യുന്നു.
ആന്ധ്രയിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ ക്ഷീരകർഷകരിൽ പലരും പശുവളർത്തലിനേക്കാൾ പോത്ത് വളർത്തലിലേക്ക് മാറുന്ന പ്രവണതയും ശക്തമായി വരുന്നതായി കർഷകർ പറയുന്നു.
English Summary
Restrictions on issuing veterinary inspection certificates for buffaloes in Andhra Pradesh have benefited farmers in Kerala who rear native buffaloes. With increased demand during Ramadan, buffalo prices have risen sharply, with animals that earlier cost around ₹40,000 now fetching up to ₹70,000. The price of buffalo meat has also increased, making buffalo farming a profitable venture. Many dairy farmers are now shifting from cow rearing to buffalo farming due to better returns.









