ശ്രീഹരിക്കോട്ട : ആറ് കിലോമീറ്റർ ഉയരത്തിൽ പറന്നുയർന്ന ഐ.എസ്.ആർ.ഒയുടെ വിക്ഷേപണ വാഹനം രാജ്യത്തിന് നൽകിയത് അഭിമാന മുഹൂർത്തം. കൃത്യം പത്ത് മണിയ്ക്ക് ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണതറയിൽ നിന്നും പറന്നുയർന്ന റോക്കറ്റ് നിമിഷങ്ങൾക്കകം ഭൗമോപരിതലത്തിൽ എത്തി. മിനിറ്റുകൾക്കുള്ളിൽ അബോർട്ട് സന്ദേശം നൽകി കൺട്രോൾ സെന്റർ. നേരത്തെ സജീകരിച്ചിരുന്നത് പ്രകാരം ബഹിരാകാശസഞ്ചാരികളുടെ രൂപം ഉൾക്കൊള്ളുന്ന മൊഡ്യൂളിനെ ആകാശത്ത് നിന്നും സമുദ്രത്തിലേയ്ക്ക് വിട്ട് റോക്കറ്റ് വേർപ്പെട്ടു. മൊഡ്യൂളുകളെ സുരക്ഷിതമായി താഴേയ്ക്ക് കൊണ്ട് വരാനായി പാരച്യൂട്ടുകൾ വിടർന്നു. മൂന്ന് പാരച്യൂട്ടുകൾ മൊഡ്യൂളിനെ മന്ദം മന്ദം കടലിൽ ഇറക്കി. ഇന്ത്യൻ സമുദ്രത്തിൽ കാത്ത് നിന്ന നാവികസേനയുടെ രണ്ട് കപ്പലുകൾ മൊഡ്യൂളിനെ വീണ്ടെടുത്തു. അത്യാവശ്യഘട്ടത്തിൽ ബഹിരാകാശസഞ്ചാരികളെ സുരക്ഷിതമായി ഭൂമിയിൽ തിരികെ എത്തിക്കുന്ന മൊഡ്യൂളിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. സ്പേസ് സെന്ററുകളിൽ ഉയർന്ന കൈയ്യടികൾക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ഐ.എസ്.ആർ.ഒ ചെയർമാൻ പരീക്ഷണം വിജയമെന്ന് ഇന്ത്യയെ അറിയിച്ചു. എല്ലാം പൂർത്തിയാകാൻ വേണ്ടത് മിനിറ്റുകൾ മാത്രം.
മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഗഗൻയാൻ പരീക്ഷണം പൂർത്തിയാക്കിയത്. ഒരു ഘട്ടത്തിൽ ഇന്നത്തെ പരീക്ഷണം നിർത്തി വയ്ക്കുന്നതായും ഐ.എസ്.ആർ.ഒ ചെയർമാന് മാധ്യമങ്ങളെ അറിയിക്കേണ്ടി വന്നു. രാവിലെ എട്ട് മണിയ്ക്ക് ശ്രീഹരികോട്ടയിലെ ഒന്നാം വിക്ഷേപണതറയിൽ നിന്നും പറന്നുയരുന്ന തരത്തിലാണ് റോക്കറ്റ് സജീകരിച്ചിരുന്നത്.ഏഴ് മണിയോടെ കൗൺ ഡൗൺ ആരംഭിച്ചു. പക്ഷെ കാലാവസ്ഥയിൽ പെട്ടന്ന് മാറ്റം വന്നതോടെ 8.30 ലേയ്ക്ക് ലോഞ്ച് മാറ്റി. പക്ഷെ രണ്ടാം തവണ റോക്കറ്റ് പിണങ്ങി.ഇത്തവണ റോക്കറ്റിന്റെ ജ്വലനത്തിൽ പ്രശ്നം കണ്ടെത്തി. ഇതോടെയാണ് എല്ലാ പരീക്ഷണങ്ങളും നിർത്തി വച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചത്. പക്ഷെ നിരാശയോടെ ശാസ്ത്രജ്ഞർ ഇരുന്നില്ല. അതിവേഗം ഉണർന്ന് പ്രവർത്തിച്ച സ്പേസ് സെന്ററിലെ ടെക്നീഷ്യൻമാർ റോക്കറ്റിന്റെ പ്രശ്നം പരിഹരിച്ചു. എല്ലാ സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ ചെയർമാനെ അറിയിച്ചു. അങ്ങനെ നിർത്തി വച്ച പരീക്ഷണം വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചു. പിന്നെ പിറന്നത് ചരിത്രം. പത്ത് മണിയോടെ മൊഡ്യൂളുമായി റോക്കറ്റ് ബഹിരാകാശത്തേയ്ക്ക് പറന്നുയർന്നു.