ക്ഷേത്രങ്ങളിലെ നെയ്യും ശര്‍ക്കരയും മോഷ്ടിക്കും; തേന്‍പ്പെട്ടികള്‍ തകര്‍ക്കും; ഒടുവിൽ ശല്യക്കാരനെ തേനടകൾ വച്ച് കെണിയിലാക്കി
മലപ്പുറം ∙ അമരമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി ജനവാസമേഖലയിൽ ഭീതി പരത്തിയ കരടി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി.
മാസങ്ങൾക്ക് മുൻപേ കരടിക്കായി കെണി ഒരുക്കിയിരുന്നുവെങ്കിലും വ്യാഴാഴ്ച അർധരാത്രിയോടെയാണ് ടി കെ കോളനി ധർമ്മശാസ്ത ക്ഷേത്രത്തിൽ സ്ഥാപിച്ച കെണിയിൽ കരടി കുടുങ്ങിയത്.
ടി കെ കോളനി, കവളമുക്കട്ട, ചുള്ളിയോട്, ചെട്ടിപ്പാടം, ഒളർവട്ടം, പുഞ്ച തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിരുന്ന നെയ്യ്, എണ്ണ, ശർക്കര എന്നിവ ഭക്ഷിക്കാനാണ് കരടി സ്ഥിരമായി എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
കൂടാതെ പ്രദേശത്തെ കർഷകർ സ്ഥാപിച്ചിരുന്ന തേൻപ്പെട്ടികൾ തകർത്തു തേൻ കുടിക്കുന്നതും പതിവായിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയുടെ നിർദേശപ്രകാരം രണ്ട് കെണികളും നിരീക്ഷണ ക്യാമറകളും വനംവകുപ്പ് സ്ഥാപിച്ചിരുന്നു.
എന്നാൽ ഇവയിൽ ഒന്നിലും കുടുങ്ങാതെ കരടി ക്ഷേത്രങ്ങളിൽ നാശനഷ്ടം തുടരുകയായിരുന്നു. ഇതോടെ വ്യാഴാഴ്ച വൈകീട്ട് കൂടുതൽ തേൻതടകൾ വെച്ച് കെണി പുതുക്കി സ്ഥാപിക്കുകയും ഒടുവിൽ കരടി കുടുങ്ങുകയും ചെയ്തു.
കരടിയെ കൂട് സഹിതം അമരമ്പലം ആർ.ആർ.ടി ക്യാമ്പ് ഓഫിസിലേക്ക് മാറ്റി. ഇവിടെ രണ്ട് ദിവസം വനംവകുപ്പിന്റെ നിരീക്ഷണത്തിൽ വെറ്ററിനറി സർജന്റെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കരടിയെ എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
English Summary
A bear that had been creating fear in residential areas of Amarambalam panchayat in Malappuram for months was finally trapped in a cage set by the Forest Department at the TK Colony Dharmasastha temple. After veterinary examination and monitoring at the Amarambalam RRT camp, officials will decide the next steps.
malappuram-amarambalam-bear-trapped-forest-department-cage
Malappuram, Amarambalam, Bear, Forest Department, Wildlife, Human-Wildlife Conflict, Trap Cage, Nilambur, Temple, Kerala News









