പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണം നഷ്ടപ്പെട്ടു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പന്തളം കൈപ്പുഴയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനിലധികം സ്വർണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തിൽ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
കൈപ്പുഴയിൽ പ്രവാസിയായ ബിജുനാഥിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബിജുനാഥും കുടുംബവും വിദേശത്താണ് താമസം. വീട്ടിൽ ബിജുവിന്റെ അമ്മ ഓമനയാണ് പകൽ സമയത്ത് ഉണ്ടാകാറുള്ളത്. രാത്രി പതിവായി ഓമന മൂത്ത മകന്റെ വീട്ടിലേക്ക് പോകുന്നതായും പൊലീസ് അറിയിച്ചു.
വീട്ടിന്റെ മുൻവശത്തെ കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. രാവിലെ ഓമന വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്. വിദേശത്തുള്ള മരുമകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടമായതെന്നാണ് വിവരം.
വീടും പരിസരവും മുൻകൂട്ടി നിരീക്ഷിച്ച ശേഷം പദ്ധതിപ്രകാരം നടത്തിയ കവർച്ചയാണെന്ന് പൊലീസ് വിലയിരുത്തുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ENGLISH SUMMARY
A major burglary took place at a migrant worker’s house in Kaippuzha, Pandalam, Pathanamthitta. More than 50 sovereigns of gold ornaments kept in a bedroom cupboard were stolen after burglars broke open the front door. Police have formed a special team to investigate, suspecting the crime was planned after monitoring the house.
pandalam-kaippuzha-migrant-house-burglary-50-sovereign-gold
Pathanamthitta, Pandalam, Kaippuzha, Burglary, Gold Theft, NRI House, Kerala Police, Crime News, Special Investigation Team, Robbery









