എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ
ഇന്ന് മിക്കവരുടെയും കൈകളിൽ വജ്രത്തിന്റെ ഏതെങ്കിലും ആഭരണം കാണാം. എന്നാൽ സ്വന്തമായി വാങ്ങുന്ന വജ്രം യഥാർത്ഥത്തിൽ മൂല്യമുള്ളതാണോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ സാധാരണമാണ്.
വ്യാജ വജ്രങ്ങൾ യഥാർത്ഥ വജ്രമെന്ന പേരിൽ വിപണിയിൽ വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തിൽ, ഇതിന് തടയിടാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) പുതിയ മാനദണ്ഡങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ വിപണിയിൽ കൃത്രിമ വജ്രങ്ങൾ യഥാർത്ഥവയെന്ന പേരിൽ വിൽക്കുന്നത് തടയുന്നതിനാണ് ബിഐഎസ് പുതിയ ചട്ടങ്ങൾ നിർദേശിച്ചത്.
ഇതനുസരിച്ച് വിപണിയിൽ ലഭ്യമാകുന്ന വജ്രങ്ങളുടെ നാമകരണം ഇനി വ്യക്തമായ രീതിയിൽ വേർതിരിക്കും.
ഇതുവരെ ഇത്തരം വ്യക്തമായ നാമകരണ സംവിധാനം ഇല്ലാത്തതിനാൽ വ്യാജ വജ്രങ്ങൾ വിപണിയിൽ സുലഭമായി വിൽക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്ന് ബിഐഎസ് വ്യക്തമാക്കുന്നു.
പുതിയ ചട്ടങ്ങൾ വജ്രവ്യാപാര രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം ‘ഡയമണ്ട്’ അല്ലെങ്കിൽ ‘വജ്രം’ എന്ന പദം ഇനി മുതൽ പ്രകൃതിദത്ത വജ്രങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാവൂ.
‘വജ്രം’ എന്ന വാക്കിനൊപ്പം ‘റിയൽ’, ‘നാച്ചുറൽ’, ‘ജെനുവിൻ’, ‘പ്രെഷ്യസ്’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതിനും അനുമതിയുണ്ട്.
അതേസമയം, ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങൾ അവയുടെ സ്വഭാവം വ്യക്തമാക്കുന്ന വിധത്തിൽ ‘ലബോറട്ടറി ക്രിയേറ്റഡ് ഡയമണ്ട്’ അല്ലെങ്കിൽ ‘ലബോറട്ടറി ഗ്രോൺ ഡയമണ്ട്’ എന്ന പൂർണരൂപത്തിൽ തന്നെ പരാമർശിക്കണം.
‘എൽജിഡി (LGD)’, ‘ലാബ് ഡയമണ്ട്’ തുടങ്ങിയ ചുരുക്കപ്പേരുകൾ ഔദ്യോഗിക രേഖകളിലും പരസ്യങ്ങളിലുമുപയോഗിക്കാൻ പാടില്ല.
കൂടാതെ, ലാബിൽ നിർമ്മിച്ച വജ്രങ്ങൾക്ക് ‘പ്യുവർ’, ‘നാച്ചുറൽ’, ‘എർത്ത് ഫ്രണ്ട്ലി’, ‘കൾച്ചേഡ്’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതും ബിഐഎസ് നിരോധിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നിയന്ത്രണം.
ഔദ്യോഗിക നാമകരണങ്ങൾ ഒഴിവാക്കി ലാബ് വജ്രങ്ങൾ സ്വന്തം ബ്രാൻഡ് പേരിൽ മാത്രം വിപണനം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ വജ്രവ്യാപാരത്തിൽ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന വജ്രത്തിന്റെ യഥാർത്ഥ സ്വഭാവവും മൂല്യവും വ്യക്തമായി തിരിച്ചറിയാൻ ഇതുവഴി സാധിക്കും. ഒപ്പം വ്യാജ വജ്രങ്ങളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനും പുതിയ ചട്ടങ്ങൾ സഹായകരമാകും.
ENGLISH SUMMARY
BIS has introduced new standards to prevent fake diamonds being sold as genuine ones, including on online platforms. Under the new rules, the term “Diamond” can be used only for natural diamonds. Lab-made diamonds must be clearly labelled as “Laboratory Created Diamond” or “Laboratory Grown Diamond,” and abbreviations like “LGD” or misleading terms such as “pure,” “natural,” or “earth-friendly” are prohibited. The move aims to improve transparency and help consumers identify the true nature and value of diamonds.
bis-new-rules-diamond-naming-lab-grown-diamond-standards
BIS, Diamond, Natural Diamond, Lab Grown Diamond, Jewellery, Consumer Protection, Fake Diamonds, Diamond Standards, Online Sales, India









