മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.
മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോയ സ്വകാര്യ ചാർട്ടേഡ് വിമാനം ബുധനാഴ്ച രാവിലെ 8.49-ഓടെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ തകർന്നുവീണ് കത്തിയമരുകയായിരുന്നു.
ചൊവ്വാഴ്ച മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പ്രാദേശിക തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും അപകടത്തിൽ മരണപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.
അപകടസ്ഥലത്തുനിന്ന് മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെടുത്തത്. എൻ.സി.പി സ്ഥാപകൻ ശരദ് പവാറിന്റെ അനന്തരവനും ലോക്‌സഭാംഗം സുപ്രിയ സുലെയുടെ സഹോദരനുമാണ് അദ്ദേഹം.
വിവരമറിഞ്ഞ് ഡൽഹിയിലായിരുന്ന ശരദ് പവാറും സുപ്രിയ സുലേയും ഉടൻ പുണെയിലേക്ക് തിരിച്ചു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണായക ശക്തിയായിരുന്ന അജിത് പവാർ 2023-ൽ പാർട്ടിയെ പിളർത്തി എൻ.ഡി.എ സർക്കാരിന്റെ ഭാഗമായാണ് ഉപമുഖ്യമന്ത്രി പദവിയിലെത്തിയത്.
അമ്മാവൻ ശരദ് പവാറുമായി രാഷ്ട്രീയമായി ഭിന്നിച്ചു നിന്നിരുന്നെങ്കിലും അടുത്ത കാലത്തായി എൻ.സി.പി പുനഃസമാഗമത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ആ രാഷ്ട്രീയ നീക്കങ്ങൾക്കിടയിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.









