ഥാർ വാങ്ങിയ ആദ്യ വനിത; കതിർമണ്ഡപത്തിലേക്ക് എത്തിയതും അതേ വാഹനത്തിൽ…ഓഫ് റോഡുകളുടെ രാജകുമാരി, പ്രോ ഡ്രൈവർ ദൃശ്യ മനസു തുറന്നപ്പോൾ
കാർ യാത്രകളും വലിയ വാഹനങ്ങളോടുള്ള താൽപര്യവും ചെറുപ്പം മുതൽ തന്നെ അണിയിച്ച പെൺകുട്ടി, പിന്നീട് സാമൂഹിക ധൈര്യവും മെച്ചപ്പെട്ട ആത്മവിശ്വാസവുമായി ഓഫ്‌റോഡ് ഡ്രൈവിങ് രംഗത്ത് ശ്രദ്ധ നേടുന്നു.
ജിജി, സനൽ എന്നീ ചേട്ടന്മാരുടെയും, അച്ഛനും അമ്മയുടെയും പിന്തുണയോടെ, വിവാഹ ദിനത്തിൽ തന്നെ ‘ഫസ്റ്റ് ലേഡി ഓണർ’ ആയി വാഹനം ഓടിച്ച അനുഭവം സോഷ്യൽ മീഡിയയിൽ വൈറലായി.
തുടർന്ന് AT ROVERS ക്ലബ്ബിന്റെ പരിശീലനവും, “ബിയോണ്ട് ദ മാപ്” യാത്രയിലെ 10,000 കിലോമീറ്റർ സഞ്ചാരം ഉൾപ്പെടെ, ഓഫ്‌റോഡ് ട്രാക്കുകൾ കീഴടക്കിയ അനുഭവങ്ങൾ സ്ത്രീശക്തി, ആത്മവിശ്വാസം, പ്രൊഫഷണൽ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട് തുറന്നുപറയുന്നു.
പ്രോ ഡ്രൈവർ ദൃശ്യ മനസു തുറക്കുന്നു…
ചോദ്യം: വാഹനങ്ങളോടുള്ള താൽപര്യം തുടങ്ങിയത്?
ദൃശ്യ: തീരെ ചെറുപ്പത്തിലേ യാത്രകൾ, പ്രത്യേകിച്ച് കാർ യാത്രകൾ, എനിക്ക് വലിയ ഇഷ്ടമായിരുന്നു. രണ്ട് ചേട്ടന്മാരുണ്ട്—ജിജിനും സനലും. അവർ വണ്ടികളോടുള്ള അതിയായ താൽപര്യമുള്ളവരാണ്.
അവർ വാഹനങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഡ്രൈവ് ചെയ്യുന്നതും കണ്ടാണ് ഞാൻ വളർന്നത്. അങ്ങനെയാണ് വലിയ വാഹനങ്ങളോടുള്ള പ്രണയം തുടങ്ങിയത്.
ചോദ്യം: ഡ്രൈവിങ് ഇഷ്ടപ്പെടാൻ കാരണം?
ദൃശ്യ:പതിനെട്ടാം വയസ് തികഞ്ഞ ദിവസം തന്നെ ലൈസൻസിന് അപേക്ഷിച്ചു. മാരുതി 800 ഓടിച്ചാണ് ഡ്രൈവിങ് പഠിച്ചത്. വീട്ടിൽ ഇന്നോവ ഉണ്ടായിരുന്നെങ്കിലും അത് ഓടിക്കാൻ എനിക്ക് വലിയ പേടിയായിരുന്നു.
എന്റെ ഉയരക്കുറവാണ് കാരണം. സീറ്റിൽ കയറിയിരുന്നാൽ സ്റ്റിയറിങ് മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ.
ചോദ്യം: ഇന്നോവ ഒക്കെ ഓടിക്കുമോ?
ദൃശ്യ: അന്നൊരു ദിവസം ചേട്ടന്മാർ എന്നെ വിട്ടില്ല. അവർ നിർബന്ധിച്ചു. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടു. പിന്നീടു രണ്ടുപേരും വിദേശത്ത് പോയപ്പോൾ വീട്ടിലെ ആവശ്യങ്ങൾക്ക് ഇന്നോവ ഓടിക്കാതെ വഴിയില്ലാതായി.
അച്ഛനും അമ്മയും പൂർണ്ണ പിന്തുണ നൽകി. അച്ഛൻ തന്ന ആത്മവിശ്വാസത്തിലാണ് ഇന്നോവ മെല്ലെ റോഡിലിറക്കിയത്.
ചോദ്യം: ആദ്യ ദീർഘദൂര യാത്ര?
ദൃശ്യ: ഒരിക്കലും മറക്കില്ല. പത്തനംതിട്ടയിൽ നിന്ന് തൃശൂരിലേക്ക് ഇന്നോവ ഓടിച്ചു പോയത്. പലരും പറഞ്ഞു—‘ഡ്രൈവർ ഇല്ലാതെ ഇന്നോവ പോകുന്നത് കണ്ടു’ എന്ന്. വണ്ടിക്കുള്ളിൽ ഞാൻ കാണപ്പെടാത്തതാണ് കാരണം. അന്ന് അതെല്ലാം ചിരിച്ചാണ് സ്വീകരിച്ചത്.
ചോദ്യം: വിവാഹദിനത്തിലെ ഡ്രൈവ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നല്ലോ…
ദൃശ്യ: അതെ. എന്റെ സ്വപ്നം നിറയെ വാഹനങ്ങൾ നിറഞ്ഞ കാർ പോർച്ചായിരുന്നു. വിവാഹസമയത്ത് 2020-ൽ ലോഞ്ച് ചെയ്ത താറിന്റെ ‘ഫസ്റ്റ് ലേഡി ഓണർ’ ആയി.
വിവാഹസാരിയണിഞ്ഞ് ഥാർ ഓടിച്ച് ഞാൻ തന്നെ മണ്ഡപത്തിലെത്തി. അത് എല്ലാവർക്കും കൗതുകമായി, വീഡിയോ വൈറലുമായി.
ചോദ്യം: ഓഫ്‌റോഡ് ഡ്രൈവിങിലേക്ക് തിരിഞ്ഞത് എങ്ങനെ?
ദൃശ്യ: ഡ്രൈവിങിനോടുള്ള ഇഷ്ടം തന്നെയാണ്. ഉയരക്കുറവിന്റെ പേരിൽ കളിയാക്കിയവർക്ക് എനിക്കുള്ള മറുപടിയുമായിരുന്നു അത്. ആ സമയത്താണ് കൂടുതൽ സ്ത്രീകൾ ഓഫ്‌റോഡ് വേദികളിലേക്ക് എത്തിത്തുടങ്ങിയത്. പല ക്ലബുകളും എന്നെ സമീപിച്ചു.
ചോദ്യം: പരിശീലനവും സുരക്ഷയും എത്ര പ്രധാനമാണ്?
ദൃശ്യ: വളരെ പ്രധാനമാണ്. AT ROVERS എന്ന ഓഫ്‌റോഡ് ക്ലബിൽ അംഗമായി. ഡ്രൈവറുടെയും വാഹനത്തിന്റെയും സുരക്ഷയാണ് ആദ്യ പരിഗണന. ആവശ്യമായ എല്ലാ പരിശീലനങ്ങളും ക്ലബ്ബ് തന്നു. ആത്മവിശ്വാസം അവിടെയാണ് വളർന്നത്.

ചോദ്യം: ഇതുവരെ ചെയ്ത യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ടത്?
ദൃശ്യ: ലഹരിക്കെതിരായ സന്ദേശവുമായി കഴിഞ്ഞ മേയിൽ 15 സംസ്ഥാനങ്ങളിലൂടെ 10,000 കിലോമീറ്റർ സഞ്ചരിച്ച ‘ബിയോണ്ട് ദ് മാപ്’ യാത്ര. ആ യാത്രയിൽ പങ്കെടുത്ത അപൂർവ വനിതകളിൽ ഒരാളാകാൻ കഴിഞ്ഞത് വലിയ അഭിമാനമാണ്.
ചോദ്യം: പ്രൊഫഷണൽ ജീവിതത്തെ കുറിച്ച്?
ദൃശ്യ:ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം വള്ളക്കടവ് ഹാജി സി.എച്ച്.എം.കെ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു.
അതോടൊപ്പം ഫ്രീലാൻസ് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റും Cupower Technologies Pvt. Ltd. എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമാണ്.
ചോദ്യം: കുടുംബ പിന്തുണ എത്രത്തോളം?
ദൃശ്യ: അതെല്ലാം അതിലുപരി. അച്ഛൻ ഉണ്ണികൃഷ്ണൻ ബിസിനസുകാരൻ. അമ്മ സുലോചന ടെക്‌നോളജി രംഗത്ത്. ബിസിനസുകാരനായ സുജിത്താണ് ജീവിതപങ്കാളി. അദ്ദേഹത്തിന്റെ പിന്തുണയാണ് എന്റെ എല്ലാ യാത്രകളുടെയും ഊർജം. മിക്ക യാത്രകളിലും അദ്ദേഹം ഒപ്പമുണ്ടാകും.
ചോദ്യം: ഓഫ്‌റോഡ് ട്രാക്ക് കീഴടക്കുമ്പോൾ?
ദൃശ്യ: വാക്കുകളിൽ പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു കൊടുമുടി കീഴടക്കിയതുപോലെയാണ് ഓരോ ട്രാക്കും. കാടുകളും പാറക്കെട്ടുകളും മലയിടുക്കുകളും താണ്ടി മുന്നോട്ടുപോകുമ്പോൾ അതൊരു ജീവിതപാഠം പോലെയാണ്.
ചോദ്യം: ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളോട് പറയാനുള്ളത്?
ദൃശ്യ: ഭയം സ്വാഭാവികമാണ്. പക്ഷേ, അതിനെ മറികടക്കണം. ശരിയായ പരിശീലനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ പെൺകുട്ടികൾക്ക് കഴിയാത്ത ഒന്നുമില്ല. ട്രാക്കുകൾ നമ്മെ കാത്തിരിക്കുന്നു.
English Summary:
A woman driven by a lifelong passion for cars and driving overcame height-related challenges and social pressures to excel in off-road driving. With family support, she became the “first lady owner” on her wedding day, an event that went viral online. Trained by AT ROVERS and participating in the 10,000 km “Beyond the Map” journey, she shares her experiences navigating off-road tracks, emphasizing courage, confidence, and empowering women in motorsports, alongside her professional and freelance pursuits.
offroad-driving-woman-empowerment-story
Off-road Driving, Women Drivers, AT Rovers, Beyond the Map, Car Enthusiast, Kerala Women, Female Empowerment, Adventure Sports, Driving Passion, Social Media Viral, Motorsports, Freelance Professional









