നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം
പത്തനംതിട്ട: തിരുവല്ല കുറ്റൂരിലെ തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല കുറ്റൂരിൽ തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കുറ്റൂർ–മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയുടെ വാതിൽക്കലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
തട്ടുകട തുറക്കാനെത്തിയ ഉടമ ജയരാജനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്.
ഉടൻ തന്നെ അദ്ദേഹം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കടയുടെ പിന്നിലെ വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്.
പുലർച്ചെ കട തുറക്കാനായി ലൈറ്റ് ഇട്ടപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടതെന്ന് ജയരാജൻ പറഞ്ഞു. തുടർന്ന് അടുത്ത വീട്ടിലുള്ള കൊച്ചുമകനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ഉടൻ തന്നെ പൊലീസ് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുഞ്ഞ് കടുത്ത തണുപ്പിൽ വിറച്ച നിലയിലായിരുന്നുവെന്നും, ഉടൻ തന്നെ തുണികൊണ്ട് പുതപ്പിച്ചതായും ജയരാജന്റെ ഭാര്യ ഇന്ദു പറഞ്ഞു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
English Summary:
A newborn baby was found abandoned at a roadside food stall in Kuttoor, Tiruvalla, near a railway underpass, early this morning. The stall owner alerted the police after hearing the baby’s cries. The infant was shifted to Tiruvalla Taluk Hospital, where doctors confirmed the baby is in stable condition. Police have launched an investigation to identify those responsible.
newborn-abandoned-tea-stall-tiruvalla-kuttoor
newborn abandoned, Tiruvalla news, Kuttoor incident, Pathanamthitta news, child abandonment, Kerala crime news









