സഞ്ജുവിന് നിര്‍ണായകം; പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ; മൂന്നാം ടി20 ഇന്ന്
ഗുവാഹത്തി: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് ഇനി ഒറ്റ ജയം കൂടി മതി.
ഇന്ന് ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയാണ് ഇറങ്ങുന്നത്.
ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം മാറ്റാനും, വരാനിരിക്കുന്ന ടി20 ലോകകപ്പിനായി ആത്മവിശ്വാസം വർധിപ്പിക്കാനും ഈ പരമ്പര വിജയം ഇന്ത്യയ്ക്ക് നിർണായകമാണ്.
ആദ്യ മത്സരത്തിൽ 48 റൺസിനും രണ്ടാം മത്സരത്തിൽ 7 വിക്കറ്റിനും നേടിയ ആധികാരിക വിജയങ്ങളോടെ ഇന്ത്യ പരമ്പരയിൽ 2–0ന് മുന്നിലാണ്.
ഇന്ന് വൈകിട്ട് 7 മുതലാണ് ഗുവാഹത്തിയിൽ പോരാട്ടം ആരംഭിക്കുക. മറുവശത്ത് പരമ്പരയിൽ തിരിച്ചെത്താനുള്ള അവസാന അവസരമെന്ന നിലയിലാണ് കിവികൾ ഇന്നത്തെ മത്സരത്തെ കാണുന്നത്.
അടുത്ത മാസം 7ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ടീമിന്റെ അന്തിമ ഇലവൻ കണ്ടെത്താനുള്ള അവസാന പരമ്പരയാണിത്. അതിനാൽ തന്നെ ഓരോ താരത്തിനും ഇന്നിംഗുകൾ നിർണായകമാണ്. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ നേരിട്ട് ലോകകപ്പ് പോരാട്ടത്തിലേക്ക് കടക്കും.
ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. രണ്ടാം മത്സരത്തിൽ 37 പന്തിൽ പുറത്താകാതെ നേടിയ 82 റൺസോടെയാണ് സൂര്യ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ദീർഘകാലത്തിനുശേഷം ലഭിച്ച ഈ അർധസെഞ്ച്വറി ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
അതേസമയം, മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് പരമ്പര ഇതുവരെ നിരാശാജനകമാണ്.
ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്തതോടെ കടുത്ത സമ്മർദ്ദത്തിലാണ് താരം. ഇന്ന് ഫോം കണ്ടെത്തിയില്ലെങ്കിൽ ലോകകപ്പ് അന്തിമ ഇലവനിലേക്കുള്ള സാധ്യത മങ്ങാനിടയുണ്ട്.
ബാക്കപ്പ് വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ രണ്ടാം മത്സരത്തിൽ വേഗതയേറിയ ഇന്നിംഗ്സിലൂടെ ശ്രദ്ധ നേടിയത് സഞ്ജുവിന്റെ വെല്ലുവിളി കൂടുതൽ കടുപ്പിച്ചിട്ടുണ്ട്.
ഇന്നും പരാജയപ്പെട്ടാൽ അടുത്ത മത്സരങ്ങളിൽ സഞ്ജുവിനെ ഓപ്പണർ സ്ഥാനത്ത് നിന്ന് മാറ്റി ഇഷാൻ കിഷന് അവസരം നൽകാനുള്ള സാധ്യതയും നിലനിൽക്കുന്നു. ആരാധക വിമർശനങ്ങളും താരത്തിനെതിരെ ശക്തമാണ്.
എന്നാൽ ഇന്ന് ഒരു മികച്ച ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞാൽ അവസ്ഥ മാറിയേക്കും.
ബൗളിങിൽ ചെറിയ ആശങ്കകൾ ഇന്ത്യക്കുണ്ട്. അവ പരിഹരിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തിലായിരുന്ന ജസ്പ്രിത് ബുംറയും അക്ഷർ പട്ടേലും ഇന്നത്തെ അന്തിമ ഇലവനിൽ ഇടം നേടാൻ സാധ്യതയുണ്ടെന്നാണ് സൂചന.
English Summary:
India need just one more win to seal the T20 series against New Zealand as they face the visitors in the third match at Guwahati today. Leading the five-match series 2–0, India are aiming to boost confidence ahead of the T20 World Cup. Captain Suryakumar Yadav’s return to form has been a major positive, while wicketkeeper-batter Sanju Samson is under pressure after back-to-back failures. Changes in the playing XI, including the possible return of Jasprit Bumrah and Axar Patel, are expected.
india-vs-new-zealand-3rd-t20-guwahati-series-clincher
India vs New Zealand, T20 series, Guwahati T20, Suryakumar Yadav, Sanju Samson, T20 World Cup preparation, Indian cricket team









