നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം
ആലപ്പുഴ: എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
ഐക്യനീക്കവുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയതായും, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
“നായാടി മുതൽ നസ്രാണി വരെ ഐക്യം അനിവാര്യമാണ്” എന്നതാണ് യോഗത്തിലെ പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കേണ്ടതുണ്ടെന്നും, കപട മതേതരവാദികളായ ചില നേതാക്കൾ തനിക്കെതിരെ അധിക്ഷേപം നടത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ന്യൂനപക്ഷങ്ങൾ മതത്തെ ഉപയോഗിച്ച് സംഘശക്തിയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തുമെന്നും, ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള സംഘടനകളുമായി സംവാദത്തിന് തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റായ നടപടിയാണെന്നും, സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വോട്ട് മുന്നിൽ കണ്ടാണ് സജി ചെറിയാൻ ഖേദപ്രകടനം നടത്തിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
English Summary
SNDP Yogam has approved the proposed unity move with the NSS, SNDP General Secretary Vellappally Natesan announced. Tushar Vellappally has been entrusted with further discussions, and a meeting with NSS General Secretary Sukumaran Nair is expected soon. Speaking after a key SNDP meeting in Alappuzha, Vellappally said unity from marginalized communities to Christians is essential and stressed the need to uphold secularism in districts like Malappuram. He also said talks would be held with Muslim organizations except the League and criticized Minister Saji Cherian for expressing regret, alleging it was politically motivated.
sndp-nss-unity-approved-council-vellappally-natesan
SNDP Yogam, NSS, SNDP NSS unity, Vellappally Natesan, Tushar Vellappally, Sukumaran Nair, Alappuzha meeting, Kerala politics









