ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഇനി നിർണായക സേവനങ്ങൾ നിഷേധിക്കപ്പെടും
ന്യൂഡൽഹി ∙ ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഇനി നിർണായക സേവനങ്ങൾ നിഷേധിക്കപ്പെടും. ടോൾ അടയ്ക്കാത്ത വാഹനങ്ങൾക്ക് എൻഒസി (No Objection Certificate), ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ, പെർമിറ്റ് അനുവദിക്കൽ എന്നിവ ഇനി സാധ്യമാകില്ല.
ഇതുസംബന്ധിച്ച കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടം–2026 കേന്ദ്ര സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു.
ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയും, ടോൾ ഒഴിവാക്കുന്ന പ്രവണത പൂർണമായും തടയുകയും ചെയ്യുന്നതാണ് പുതിയ ചട്ടത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ ഭേദഗതിയുടെ ഭാഗമായി ‘അടയ്ക്കാത്ത ടോൾ’ എന്നതിന് വ്യക്തമായ നിർവചനവും സർക്കാർ നൽകിയിട്ടുണ്ട്.
ടോൾ പ്ലാസയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം ഒരു വാഹനം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടും, ബന്ധപ്പെട്ട ടോൾ തുക ലഭിക്കാത്ത സാഹചര്യമുണ്ടായാൽ, ദേശീയപാത നിയമം–1956 പ്രകാരം ആ വാഹനം ‘ടോൾ അടയ്ക്കാത്ത വാഹനം’ ആയി കണക്കാക്കും.
ഫാസ്റ്റാഗ് പ്രവർത്തനക്കുറവ്, ബാലൻസ് ഇല്ലായ്മ, ഉദ്ദേശപൂർവം ടോൾ ഒഴിവാക്കൽ തുടങ്ങിയ എല്ലാ സാഹചര്യങ്ങളും ഇതിന്റെ പരിധിയിൽ വരും.
ടോൾ കുടിശ്ശിക തീർപ്പാക്കാതെ വാഹന ഉടമകൾക്ക് ഇനി നിരവധി ഭരണനടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ല.
വാഹനത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് മാറ്റുന്നതിനോ, ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വാഹന രജിസ്ട്രേഷൻ മാറ്റുന്നതിനോ ആവശ്യമായ എൻഒസി നൽകില്ല.
ഇതിന് പുറമെ, ഗതാഗതയോഗ്യത ഉറപ്പാക്കുന്നതിനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കലും തടസ്സപ്പെടും. വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ പെർമിറ്റ് പുതുക്കൽ പോലും അനുവദിക്കില്ല എന്നതാണ് ഏറ്റവും നിർണായകമായ മാറ്റം.
ഇതിലൂടെ ടോൾ അടയ്ക്കാതെ ദേശീയപാതകൾ ഉപയോഗിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും, ടോൾ വരുമാനത്തിൽ ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനും കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
രാജ്യത്താകമാനം നടപ്പിലാക്കിയ ഫാസ്റ്റാഗ് സംവിധാനത്തിലൂടെ ഇലക്ട്രോണിക് ടോൾ ശേഖരണം വലിയ തോതിൽ വർധിച്ചിട്ടുണ്ടെങ്കിലും, ചില വാഹനങ്ങൾ ഇപ്പോഴും വിവിധ വഴികളിലൂടെ ടോൾ ഒഴിവാക്കുന്നുവെന്ന പരാതികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കർശന നടപടി.
പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ, വാഹന ഉടമകൾ ടോൾ കുടിശ്ശികകൾ സമയബന്ധിതമായി തീർക്കേണ്ട അവസ്ഥയിലാകും.
ടോൾ അടയ്ക്കുന്നത് ഒഴിവാക്കിയാൽ പിന്നീട് വാഹനവുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങൾ പോലും നിഷേധിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് ഈ ഭേദഗതിയിലൂടെ സർക്കാർ നൽകുന്നത്.
ദേശീയപാതകളുടെ പരിപാലനത്തിനും വികസനത്തിനും ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കാൻ ഈ നടപടി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.









