ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ ആസ്തികൾ പിടിച്ചെടുത്ത് ഇഡി
ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സംശയനിഴലിലായ അൽ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർണായക നടപടി സ്വീകരിച്ചു.
സർവകലാശാല കാമ്പസ് ഉൾപ്പെടെ 54 ഏക്കർ ഭൂമിയാണ് ഇഡി കണ്ടുകെട്ടിയത്. ഇതിന് ഏകദേശം 139 കോടി രൂപ മൂല്യമുണ്ടെന്നാണ് വിലയിരുത്തൽ.
സിദ്ദിഖിയും കുടുംബാംഗങ്ങളും സർവകലാശാലയിലെയും അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലെയും ഇടപാടുകളിൽ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ഈ നടപടി.
ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ പുറത്തുവന്ന ഫരീദാബാദ് ആസ്ഥാനമായ വൈറ്റ് കോളർ ഭീകര മൊഡ്യൂളുമായി ബന്ധപ്പെട്ട ഡോക്ടർമാർ എല്ലാവരും അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരോ പഠിച്ചിരുന്നവരോ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഡോ. മുസമ്മിൽ ഷക്കീലും ഡോ. ഷഹീൻ ഷാഹിദും നവംബർ 10-ന് ചെങ്കോട്ട സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് അറസ്റ്റിലായത്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോ. ഉമർ ഉൻ നബിയും ഈ സ്ഥാപനത്തിലെ മുൻ വിദ്യാർത്ഥിയായിരുന്നു.
സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട ഒമ്പത് സ്ഥാപനങ്ങളുമായി ജവാദ് അഹമ്മദ് സിദ്ദിഖിക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
ഈ സ്ഥാപനങ്ങൾ വഴിയാണ് സർവകലാശാലയിലെ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള പ്രധാന കരാറുകൾ സിദ്ദിഖിയുടെ നിയന്ത്രണത്തിലുള്ള കമ്പനികൾ സ്വന്തമാക്കിയതെന്ന് ഇഡി കണ്ടെത്തി.
സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ട്രസ്റ്റിന്റെ ഫണ്ടുകൾ ദുരുപയോഗം ചെയ്തതായും റിപ്പോർട്ടുണ്ട്.
നവംബർ 18-ന് ഫരീദാബാദിലെ സർവകലാശാലയിലും ഡൽഹിയിൽ അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ടവരുടെ വസതികളിലും ഉൾപ്പെടെ 18 കേന്ദ്രങ്ങളിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് സിദ്ദിഖി അറസ്റ്റിലായത്.
വ്യാജ യുജിസി അംഗീകാരവും നാക് അക്രഡിറ്റേഷനും അവകാശപ്പെടുത്തി വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് ഏകദേശം 415 കോടി രൂപ സർവകലാശാല കബളിപ്പിച്ചതായി ഇഡി കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ വൻതോതിൽ ഫണ്ട് സ്വീകരിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
നിക്ഷേപ സ്ഥാപനങ്ങൾ സ്ഥാപിച്ച് നിരവധി പേരിൽ നിന്ന് പണം തട്ടിയ കേസിൽ 2001-ൽ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിലായിരുന്നുവെന്നും അന്വേഷണ രേഖകൾ വ്യക്തമാക്കുന്നു.
അന്ന് ഏകദേശം ഏഴര കോടി രൂപ വിവിധ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിരുന്നു. പണം തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് 2004-ൽ ജാമ്യത്തിലിറങ്ങിയ സിദ്ദിഖി, പിന്നീട് അൽ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു.
ഇതാണ് ഇപ്പോൾ രാജ്യത്തെ ഞെട്ടിച്ച ഭീകരവാദ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായി മാറിയതെന്ന കണ്ടെത്തലാണ് അന്വേഷണ ഏജൻസികൾ മുന്നോട്ടുവയ്ക്കുന്നത്.
English Summary
The Enforcement Directorate has attached 54 acres of land, including the Al Falah University campus worth ₹139 crore, in a money laundering case against chairman Jawad Ahmed Siddiqui.
ed-attaches-al-falah-university-land-money-laundering-case
Al Falah University, Jawad Ahmed Siddiqui, Enforcement Directorate, money laundering case, Red Fort blast, terror module, ED attachment, national security, financial fraud









