ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്
തിരുവനന്തപുരം: ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്.
കുമാരപുരം സ്വദേശി അലക്‌സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.
ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള കഴക്കൂട്ടം–ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയിൽ ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നതാണ് പരാതി.
നിർമാണ കമ്പനിയുമായി ചേർന്ന് ഫ്‌ളാറ്റ് നിർമാണം നടത്താനായിരുന്നു പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ഷിബു ബേബി ജോണും കുടുംബവും ‘ആൻഡ’ എന്ന നിർമാണ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു.
ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ, പരാതിക്കാരനായ അലക്‌സ് രണ്ട് ഘട്ടങ്ങളിലായി 15 ലക്ഷം രൂപ നിർമാണ കമ്പനിക്ക് കൈമാറിയതായി പരാതിയിൽ പറയുന്നു.
ഈ പണം കൈമാറിയത് ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും അലക്‌സ് ആരോപിക്കുന്നു. എന്നാൽ അഞ്ച് വർഷം പിന്നിട്ടിട്ടും ഫ്‌ളാറ്റ് നിർമാണം ആരംഭിച്ചില്ലെന്നാണ് പരാതി.
തുടർന്ന് തട്ടിപ്പിനിരയായെന്നും പണം തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് അലക്‌സ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടക്കത്തിൽ ഇത് സിവിൽ തർക്കമാണെന്ന നിലപാടെടുത്ത് പൊലീസ് പരാതി തള്ളിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിക്കാരൻ നേരിട്ട് പരാതി നൽകിയതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, താൻ പരാതിക്കാരനിൽ നിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും കേസ് നിയമവിരുദ്ധമാണെന്നുമാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.
ഭൂമിയുടെ ഉടമകൾ എന്ന നിലയിൽ മാത്രമാണ് നിർമാണ കമ്പനിയുമായി ധാരണയിലെത്തിയതെന്നും, സാമ്പത്തിക ഇടപാടുകളിൽ തനിക്കോ കുടുംബത്തിനോ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary
RSP state secretary and former minister Shibu Baby John has been booked by the Thiruvananthapuram Medical College Police following a complaint alleging cheating in a flat construction deal. The complainant claims he paid ₹15 lakh for a flat promised on land owned by Shibu Baby John’s family, but construction never began even after five years.
shibu-baby-john-flat-fraud-case-thiruvananthapuram
Shibu Baby John, RSP, Kerala Politics, Flat Fraud Case, Real Estate Scam, Thiruvananthapuram News, Cheating Case, Police Investigation









