തൃശൂർ: പൂരങ്ങളുടെ നഗരിയിൽ ഇനി അഞ്ചുനാൾ കൗമാര കലയുടെ പൂരക്കാലം.
കേരളം കാത്തിരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, സാംസ്കാരിക നഗരിയെ ആവേശത്തിലാഴ്ത്തി സ്വർണ്ണക്കപ്പ് തൃശൂരിലെത്തി.
വർണ്ണാഭമായ ഘോഷയാത്രയോടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് പൂരനഗരി കലോത്സവ കിരീടത്തെ വരവേറ്റത്.
കാസർകോട് നിന്ന് പ്രയാണമാരംഭിച്ച 117.5 പവന്റെ സ്വർണ്ണക്കപ്പ്; വിവിധ ജില്ലകളിലെ ആവേശകരമായ പര്യടനത്തിന് ശേഷം പൂരനഗരിയിൽ സമാപനം
കേരളത്തിലെ കൗമാര കലാപ്രതിഭകളുടെ സ്വപ്നമായ 117.5 പവൻ തൂക്കം വരുന്ന സ്വർണ്ണക്കപ്പ് കാസർകോട് മൊഗ്രാൽ ജി.വി.എച്ച്.എസ്.എസിൽ നിന്നാണ് യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിലൂടെ പ്രയാണം നടത്തിയ കപ്പ് തിങ്കളാഴ്ച തൃശൂരിലെത്തിച്ചേർന്നു.
കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്ന ഈ കിരീടത്തെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് നഗരവീഥികളിൽ തടിച്ചുകൂടിയത്.
സാംസ്കാരിക നഗരിയുടെ മണ്ണിൽ സ്വർണ്ണക്കപ്പ് എത്തിയതോടെ നഗരം പൂർണ്ണമായും കലാപൂരത്തിന്റെ ലഹരിയിലായി.
സാംസ്കാരിക തനിമ വിളിച്ചോതിയ വർണ്ണാഭമായ ഘോഷയാത്ര; തേക്കിൻകാട് മൈതാനത്തെ സൂര്യകാന്തി വേദിയെ ഇളക്കിമറിച്ച് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ
തൃശൂർ സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് വിളംബര ഘോഷയാത്ര ആരംഭിച്ചത്. മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി.
വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി തൃശൂർ റൗണ്ട് ചുറ്റി തേക്കിൻകാട് മൈതാനത്തെ ഒന്നാം വേദിയായ ‘സൂര്യകാന്തി’യിൽ സമാപിച്ചു.
ചെണ്ടമേളവും വാദ്യഘോഷങ്ങളും നഗരത്തെ ഉത്സവപ്രതീതിയിലാഴ്ത്തി.
തിയറ്ററുകൾ അടച്ചിടും, ഷൂട്ടിംഗ് നിർത്തിവയ്ക്കും; ജനുവരി 21ന് കേരളം നിശ്ചലമാക്കാൻ സിനിമാ സംഘടനകൾ
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വൻനിര; നാളെ മുതൽ തൃശൂരിലെ 24 വേദികളിൽ അരങ്ങേറുന്നത് കേരളം കണ്ട ഏറ്റവും വലിയ കലാമാമാങ്കം
ഘോഷയാത്രയിൽ എം.എൽ.എമാരായ എൻ.കെ. അക്ബർ, മുരളി പെരുന്നെല്ലി, പി. ബാലചന്ദ്രൻ, ഇ.ടി. ടൈസൺ മാസ്റ്റർ, കെ.കെ. രാമചന്ദ്രൻ,
സനീഷ് കുമാർ ജോസഫ് എന്നിവർ പങ്കെടുത്തു. കൂടാതെ തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജെയിംസ്, പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്,
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കലോത്സവത്തെ വരവേൽക്കാൻ സന്നിഹിതരായിരുന്നു.
നാളെ മുതൽ തൃശൂർ നഗരത്തിലെ വിവിധ വേദികളിലായി മത്സരങ്ങൾ ആരംഭിക്കും. കലാലോകത്തെ പുത്തൻ താരോദയങ്ങളെ വരവേൽക്കാൻ പൂരനഗരി സർവ്വസജ്ജമായിക്കഴിഞ്ഞു.
English Summary
Thrissur has officially entered the festive mood of the Kerala State School Arts Festival (Kalolsavam) as the prestigious 117.5-sovereign Gold Cup arrived in the city. A grand cultural procession, featuring school students and traditional art forms, was held from CMS HSS to the main venue at Thekkinkadu Maidan. The event saw the participation of Ministers K. Rajan and V. Sivankutty, along with various MLAs and district officials.









