വിമാനം കയറുന്നത് പിച്ചയെടുക്കാൻ; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി
റിയാദ്∙ സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സൗദി അറേബ്യ 24,000 പാകിസ്ഥാൻ പൗരന്മാരെ നാടുകടത്തി.
ഭിക്ഷാടനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഇത്രയും പേരെ രാജ്യത്ത് നിന്ന് പുറത്താക്കിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സൗദിയുടെ ശക്തമായ നടപടിക്കു പിന്നാലെ യുഎഇയും പാകിസ്ഥാൻ പൗരന്മാരെ ലക്ഷ്യമിട്ട് പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.
ടൂറിസ്റ്റ് വീസ ദുരുപയോഗം ചെയ്ത് ചിലർ വിദേശരാജ്യങ്ങളിൽ അനധികൃത ഭിക്ഷാടനത്തിലും വിവിധ കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നതായി കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയുടെ നടപടി രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നതാണെന്ന് പാകിസ്ഥാൻ അധികൃതർ പ്രതികരിച്ചു.
അനധികൃത ഭിക്ഷാടന സംഘങ്ങൾ പാകിസ്ഥാന്റെ പേര് ആഗോളതലത്തിൽ മോശമാക്കുകയാണെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ) ഡയറക്ടർ ജനറൽ റിഫാത്ത് മുഖ്താർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ ടൂറിസ്റ്റ് വീസ ദുരുപയോഗം ചെയ്തുള്ള സമാന സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ ആശങ്ക ചൂണ്ടിക്കാട്ടിയാണ് യുഎഇയും പാകിസ്ഥാൻ പൗരന്മാർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ വർഷം മാത്രം സൗദി അറേബ്യ 24,000 പാകിസ്ഥാനികളെ നാടുകടത്തിയപ്പോൾ, യുഎഇ ഏകദേശം 6,000 പേരെയും അസർബൈജാൻ ഏകദേശം 2,500 പാകിസ്ഥാൻ ഭിക്ഷാടകരെയും തിരിച്ചയച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം തന്നെ ഈ വിഷയത്തിൽ സൗദി അധികൃതർ പാകിസ്ഥാൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
2024-ൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തടവിലായ ഭിക്ഷാടകരിൽ വലിയൊരു വിഭാഗവും പാകിസ്ഥാൻ പൗരന്മാരാണെന്നതും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
English Summary
Saudi Arabia has deported around 24,000 Pakistani nationals over allegations of organized begging and involvement in criminal activities. Authorities said tourist visas were being misused for illegal begging and crimes, prompting stricter action. Following Saudi Arabia, the UAE has also tightened checks on Pakistani nationals. Pakistan officials have expressed concern, stating that such activities are damaging the country’s international image. This year, the UAE deported about 6,000 Pakistanis, while Azerbaijan sent back nearly 2,500.
Saudi Deports 24,000 Pakistanis Over Begging
Saudi Arabia, Pakistan, Deportation, Begging, Visa Misuse, UAE, Middle East, Immigration, Crime









