ചികിത്സയ്ക്കിടെ സ്ത്രീകളുടെ നഗ്നദൃശ്യം പകര്‍ത്തി ഡോക്ടര്‍
വൈദ്യപരിശോധനയ്ക്കിടെ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ ഞെട്ടിക്കുന്ന സംഭവത്തിൽ സൈനിക ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മേജർ ബ്ലെയിൻ മക്‌ഗ്രോ അറസ്റ്റിലായി.
ടെക്‌സാസ് ഫോർട്ട് ഹുഡിലെ സൈനിക ആശുപത്രിയിൽ സേവനമനുഷ്ഠിക്കവേ പരിശോധനയ്‌ക്കെത്തിയ സ്ത്രീകളുടെ സ്വകാര്യ നിമിഷങ്ങൾ ഒളിച്ചുകൊണ്ട് ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ഇയാൾക്കെതിരെ ശക്തമായ കേസുകൾ രജിസ്റ്റർ ചെയ്തത്.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ, മക്‌ഗ്രോയുടെ മൊബൈൽ ഫോണിൽ നിന്നായി ആയിരക്കണക്കിന് ഫോട്ടോകളും വീഡിയോകളും കണ്ടെത്തി.
ഇതിൽ പലതും പരിശോധനയ്‌ക്കെത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ചികിത്സയ്ക്കിടെ സ്ത്രീകളുടെ നഗ്നദൃശ്യം പകര്‍ത്തി ഡോക്ടര്‍
ആദ്യഘട്ടത്തിൽ കണ്ടെത്തിയ വിവരങ്ങൾ പ്രകാരം കുറഞ്ഞത് 44 സ്ത്രീകളുടെ ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ, ഇതിലും കൂടുതൽ സ്ത്രീകൾ ഡോക്ടറുടെ ഇരയായിട്ടുണ്ടാകാമെന്ന സംശയം ശക്തമാകുകയാണ്. ഇയാൾ മുൻപ് ജോലിചെയ്തിരുന്ന മറ്റൊരു സൈനിക ആശുപത്രിയിലും സ്ത്രീകളോട് മോശമായി പെരുമാറിയതും ലൈംഗിക പീഡനത്തിന് ഇരയാക്കിയതുമെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
യുഎസ് മാധ്യമങ്ങൾ മക്‌ഗ്രോയെ “യൂണിഫോമിട്ട വേട്ടക്കാരൻ” എന്ന് വിശേഷിപ്പിക്കുന്നു. സംഭവത്തെ പുറത്തുകൊണ്ടുവന്നത് ഒരു സൈനികന്റെ ജാഗ്രതയാണ്.
ഭാര്യയുടെ മെഡിക്കൽ പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിയ സൈനികൻ, പരിശോധനയ്‌ക്കിടെ ഡോക്ടറുടെ പോക്കറ്റിൽ നിന്ന് ക്യാമറ ലെൻസ് പുറത്തേക്ക് നോക്കുന്നതായി ശ്രദ്ധിച്ചു. ഫോൺ വിചിത്രമായി പോക്കറ്റിൽ വെച്ച് പരിശോധന നടത്തുന്നതും അദ്ദേഹം സംശയിച്ചു.
പരിശോധന സമയത്ത് ഫോൺ സ്‌ക്രീൻ ഏതാനും നിമിഷങ്ങൾ കാണാൻ കഴിഞ്ഞതോടെ ഡോക്ടർ രഹസ്യമായി ചിത്രീകരണമൊരുക്കുകയാണെന്ന് സൈനികൻ ഉറപ്പിച്ചു.
ഉടൻ തന്നെ അദ്ദേഹം ബഹളംവെച്ചു, ഭാര്യയുടെ നഗ്നദൃശ്യം പകർത്തിയെന്നാരോപിച്ചു. സംഭവം വെളിവായതോടെ മക്‌ഗ്രോയെ അതേ ദിവസംതന്നെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
തുടർന്ന്, സൈന്യം കൂടുതൽ വ്യാപകമായ അന്വേഷണം ആരംഭിച്ചു. മക്‌ഗ്രോ പരിശോധിച്ച 1,400-ലധികം സ്ത്രീകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും സാധ്യതയുള്ള ഇരകളെ കണ്ടെത്താൻ വ്യാപകമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ സൈന്യം പ്രത്യേക ടീമുകളെ നിയോഗിക്കുകയും ചെയ്തു. ഈ സംഭവം ആരോഗ്യരംഗത്തും സൈനിക വകുപ്പുകളിലും വൻ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
ഡോക്ടർമാരോടുള്ള വിശ്വാസം വെട്ടിക്കുറയ്ക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കടുത്ത നിയമനടപടികൾ ആവശ്യപ്പെട്ട് നിരവധി സംഘടനകളും പ്രതികരിക്കുന്നുണ്ട്.









