തിരുവനന്തപുരം: ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയില്‍ ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാര്‍ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാര്‍ബര്‍ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാര്‍ തോട് ഒഴുകുന്ന കരിമണല്‍ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിച്ചുണ്ട്.
കേരളത്തില്‍ കാലവര്‍ഷം പൊതുവെ ദുര്‍ബലമായി. ഇനിയുള്ള ദിവസങ്ങളില്‍ ഞായറാഴ്ച വരെ പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതി പ്രതീക്ഷിക്കാം. തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ ഇന്ന് കൂടി പെയ്‌തേക്കാം.അടുത്ത ആഴ്ചയോടെ കാലവര്‍ഷത്തില്‍ നിന്ന് തുലാവര്‍ഷത്തിലേക്കുള്ള പിന്മാറ്റത്തിന്റെ സൂചനയായി മലയോര മേഖലയില്‍ ഉച്ചക്ക് ശേഷം ഇടി മിന്നലോടു കൂടിയ മഴക്ക് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.