വോട്ടർമാർക്ക് ഇരിപ്പിട സൗകര്യവും കുടിവെള്ളവും
കൊച്ചി: വോട്ടർമാരെ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കാൻ നിർബന്ധിതരാക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരവുമായി ഹൈക്കോടതി.
വോട്ടർമാർക്ക് ഇരിപ്പിട സൗകര്യം ഒരുക്കണമെന്നും കുടിവെള്ളം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.
ബൂത്തുകൾ കൂടുതലായും സ്കൂളുകളിലോ ഓഫീസുകളിലോ ആണെന്നതിനാൽ അവിടത്തെ കസേരകളും ബെഞ്ചുകളും തന്നെ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൗകര്യമുണ്ടാകണം. ഈ നിർദേശങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ തന്നെ നടപ്പാക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
വോട്ടർമാർക്ക് വീട്ടിൽ ഇരുന്ന് തന്നെ ബൂത്തിലെ തിരക്ക് മനസിലാക്കാൻ കഴിയുന്ന വിധത്തിൽ മൊബൈൽ/വെബ് ആപ്പ് തയ്യാറാക്കണമെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ നിർദേശിച്ചു.
കാത്തുനിൽക്കുന്നവരുടെ എണ്ണവും ക്യൂ നീങ്ങുന്നതിനുള്ള സമയവും കാണിക്കുന്ന സംവിധാനമായിരിക്കണം ആപ്പ്.
ഹൈക്കോടതി ഐ.ടി. വിഭാഗം സമർപ്പിച്ച മാതൃകാ നിർദേശങ്ങൾ ഉത്തരവിനോട് ചേർത്തിട്ടുണ്ട്.
കമ്മീഷൻ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് ഈ തിരഞ്ഞെടുപ്പിൽ തന്നെ പദ്ധതി നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.
ബൂത്തുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ഈ തെരഞ്ഞെടുപ്പിൽ പരിഗണിക്കേണ്ടതില്ലെന്നും, എന്നാൽ ഭാവിയിൽ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
ഒരു പോളിംഗ് സ്റ്റേഷനിൽ ഒരു ബൂത്ത് എന്ന പരിധി മൂലം മുതിർന്നവർക്കും രോഗികളായവർക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വൈക്കം സ്വദേശി എൻ.എം. താഹ (79)യും തൃശൂർ പോർക്കുളം പഞ്ചായത്തിലെ കോൺഗ്രസ് നേതാവ് വി.വി. ബാലചന്ദ്രനും സമർപ്പിച്ച ഹർജികളിലാണ് ഉത്തരവ്.
എല്ലാ വോട്ടർമാരും വോട്ട് ചെയ്യാറില്ലെന്ന കമ്മീഷന്റെ വാദം കോടതി തള്ളി.
ജനാധിപത്യ വ്യവസ്ഥയിൽ അത്തരം കണക്കുകൂട്ടൽ അംഗീകരിക്കാനാവില്ലെന്നും, എല്ലാ വോട്ടർമാരും എത്തുമെന്ന് കരുതി ഒരുക്കങ്ങൾ വേണമെന്നും കോടതി പറഞ്ഞു.
30–40 സെക്കൻഡ് കൊണ്ട് ഒരാൾക്ക് വോട്ടിടാനാവുമെന്ന കണക്കും പ്രായോഗികമല്ലെന്നും കോടതി നിരീക്ഷിച്ചു.
വോട്ടറാണ് ജനാധിപത്യത്തിലെ സൂപ്പർസ്റ്റാർ എന്ന് കോടതി വ്യക്തമാക്കി. അവരെ ബഹുമാനിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും വേണം.
നീണ്ട ക്യൂ കണ്ട് വോട്ട് ചെയ്യാതെ മടങ്ങിയാൽ അത് ജനാധിപത്യത്തിന്റെ “മരണമണി” ആയിരിക്കും.
“തോറ്റവരില്ലെങ്കിൽ ജയിച്ചവരും ഉണ്ടാകില്ല” എന്ന ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ച്, അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും കോടതി പറഞ്ഞു.
English Summary:
The Kerala High Court has directed the Election Commission to ensure better facilities for voters at polling booths. Justice P.V. Kunhikrishnan ordered that voters should have access to seating and drinking water while waiting in queues. Since polling stations are mostly in schools or offices, existing chairs and benches can be used.
The court also instructed the Commission to create a mobile or web app allowing voters to check crowd levels and waiting times at polling stations from home. The model design proposed by the High Court’s IT department has been attached to the order.









