കാലാവധി കഴിഞ്ഞ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും ?
ഗര്‍ഭനിരോധനത്തിന് ഇന്ന് ലോകമെമ്പാടും ഏറ്റവും പ്രചാരമുള്ളതും എളുപ്പമുള്ളതുമായ മാർഗങ്ങളിൽ ഒന്നാണ് ഗര്‍ഭനിരോധന ഉറ (Condom). അനാവശ്യ ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളുടെ പടര്‍ച്ചയും തടയുന്നതിൽ ഉറകൾക്ക് വലിയ പങ്കുണ്ട്.
എങ്കിലും പലരും ഇതിന്റെ കാലാവധി (expiry date), സൂക്ഷിക്കൽ രീതി, ഉപയോഗസാധ്യത തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കാണിക്കാറില്ല.
കാലാവധി കഴിഞ്ഞ ഉറ ഉപയോഗിക്കുന്നത് അപകടകരം
ഡോക്ടർമാർ വ്യക്തമാക്കുന്നത് പോലെ, ഉറയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ലാറ്റക്‌സ് അല്ലെങ്കിൽ പോളിയൂറിത്തേൻ കാലപ്പഴക്കം മൂലം ദുര്‍ബലമാകാം.
ഇതുമൂലം ഉറയുടെ വഴക്കം നഷ്ടമാവുകയും ഉപയോഗത്തിനിടെ പൊട്ടിപ്പോകാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.
(കാലാവധി കഴിഞ്ഞ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും ?)
കാലാവധി കഴിഞ്ഞ ഉറകളിൽ കണ്ണിന് കാണാനാവാത്ത മൈക്രോ ടിയറുകൾ ഉണ്ടാകാമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
പുറമേ നിന്നു ശരിയായി തോന്നിയാലും, ഈ ചെറുപൊട്ടലുകൾ വഴി ശുക്ലം ചോർന്നിറങ്ങാൻ സാധ്യതയുണ്ട്.
ഇതിലൂടെ അപ്രതീക്ഷിത ഗര്‍ഭധാരണവും ലൈംഗിക രോഗങ്ങളുടെ പടര്‍ച്ചയും ഉണ്ടാകാൻ ഇടയാകും. അതിനാൽ കാലാവധി കഴിഞ്ഞ ഗര്‍ഭനിരോധന ഉറ ഒരിക്കലും ഉപയോഗിക്കരുത്.
ശരിയായ സൂക്ഷിക്കൽ അത്യാവശ്യം
ഗര്‍ഭനിരോധന ഉറയുടെ കാര്യക്ഷമത നിലനിർത്താൻ ശരിയായ സൂക്ഷിക്കൽ രീതി അനിവാര്യമാണ്. ഡോ. പ്രശാന്ത് അഭിപ്രായപ്പെടുന്നത് പ്രകാരം, ചില ഉറകൾ തെറ്റായ സാഹചര്യങ്ങളിൽ സൂക്ഷിച്ചാൽ പ്രിന്റ് ചെയ്തിരിക്കുന്ന കാലാവധി എത്തുന്നതിന് മുമ്പ് തന്നെ ഉപയോഗശൂന്യമായി പോകാം.
വാലറ്റിൽ, പഴ്‌സിൽ, കാറിന്റെ ഡാഷ്ബോർഡിൽ അല്ലെങ്കിൽ ഗ്ലോവ് കംപാർട്ട്മെന്റിൽ ഉറ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഈ ഇടങ്ങളിൽ ചൂട്, ഘർഷണം, സൂര്യപ്രകാശം തുടങ്ങിയവ ലാറ്റക്‌സിന് കേടുണ്ടാക്കും.
എങ്ങനെ സൂക്ഷിക്കണം?
ഉറകൾ തണുത്തതും വരണ്ടതുമായ ഇടങ്ങളിൽ സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി സൂക്ഷിക്കണം.കൂര്‍ത്ത വസ്തുക്കളിൽ നിന്ന്* ദൂരെയായിരിക്കണമെന്നും ശ്രദ്ധിക്കണം.
അലമാരകൾ, കിടക്കയ്‌ക്ക് സമീപമുള്ള മേശവലിപ്പുകൾ, ഡ്രോയറുകൾ തുടങ്ങിയവ ഉറ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളാണ്.
വിദഗ്ധരുടെ ഉപദേശം
ഗര്‍ഭനിരോധന ഉറയുടെ കാര്യക്ഷമത ഉറപ്പാക്കാൻ കാലാവധി പരിശോധിക്കാനും, സൂക്ഷിക്കൽ രീതിയിൽ ശ്രദ്ധ പുലർത്താനും, ഉപയോഗത്തിനു മുൻപ് പാക്കിംഗ് പരിശോധിക്കാനും എല്ലാവരും പ്രാധാന്യം നൽകണം എന്ന് ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ഡോ. പ്രശാന്ത് ജയ്‌ൻ വ്യക്തമാക്കി.