ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണം നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസിൽ ലോക റെക്കോർഡോടെയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. പൻവാർ ദിവ്യാൻഷ് സിംഗ്, പ്രതാപ് സിങ് ടോമർ, രുദ്രങ്കാഷ് പാട്ടീൽ എന്നിവരുടെ ടീമാണ് മെഡൽ നേടിയത്. 1893.7 പോയിന്റോടെയാണ് നേട്ടം. 10 മീറ്റർ എയർ റൈഫിൾസിലെ ഏറ്റവും കൂടിയ പോയിന്റാണ് ഇത്. ഇതോടെ 1893.3 പോയിന്റോടെ ചൈനയുടെ പേരിലായിരുന്ന റെക്കോർഡ് ഇന്ത്യ മറികടന്നു.
ഈ വർഷം ബാഹുവിൽ വെച്ചു നടന്ന ലോകചാമ്പ്യൻഷിപ്പിലായിരുന്നു ചൈന റെക്കോർഡ് നേടിയിരുന്നത്. എന്നാൽ സ്വന്തം മണ്ണിൽ ചൈനക്ക് അടിപതറി. അതേ ഇനത്തിൽ വെങ്കല മെഡൽ മാത്രമാണ് ചൈനയ്ക്ക് നേടാൻ കഴിഞ്ഞത്. റിപ്പബ്ലിക്ക് ഓഫ് കൊറിയ ആണ് വെള്ളി മെഡൽ നേടിയത്. 1890.1 പോയിന്റാണ് കൊറിയൻ താരങ്ങൾ നേടിയത്. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്.
കഴിഞ്ഞ ദിവസം നടന്ന 10 മീറ്റർ എയർ റൈഫിൾസിൽ വെള്ളി മെഡൽ നേട്ടത്തോടെ ആയിരുന്നു ഇന്ത്യ മെഡൽവേട്ട ആരംഭിച്ചത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടിയിരുന്നു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും കരസ്ഥമാക്കി. സ്വർണ മെഡൽ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പത്തു മെഡലുകളാണ് ഇതിനോടകം നേടിയിരിക്കുന്നത്.
Also read: കൊല്ലത്ത് ജവാന് നേരെ പോപ്പുലർ ഫ്രണ്ട് ആക്രമണം; മർദ്ദിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതി