അമീബിക് മസ്തിഷ്‌ക ജ്വരം; 11 കാരിക്ക് രോഗമുക്തി
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടി രോഗമുക്തി നേടി ആശുപത്രി വിട്ടു. മലപ്പുറം ചേളാരി സ്വദേശിയായ 11കാരിയായ കുട്ടിയാണ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തത്.
നിലവിൽ രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേരാണ് ചികിത്സയിൽ കഴിയുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആറുപേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ഉള്ളത്.
ആരോഗ്യവകുപ്പിന്റെ ബുധനാഴ്ചത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 71 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 24 പേര്‍ക്കും രോഗം ബാധിച്ചത് ഈ മാസമാണ്.
ഈ വര്‍ഷം 19 മരണമുണ്ടായതില്‍ ഒന്‍പതെണ്ണമുണ്ടായതും സെപ്റ്റംബർ മാസത്തിലാണ്. അതേസമയം രോഗം ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല എന്നത് ആശ്വാസകരമാണ്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്ക് രോഗം പിടിപെടാന്‍ കാരണമായ ജലസ്രോതസ് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
ഇയാള്‍ രണ്ട് മാസം മുന്‍പ് പ്രദേശത്തെ ഒരു നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നു. പിന്നാലെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം
കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ എന്ന മൂക്കില്‍ നിന്ന് വെള്ളമൊലിക്കുന്ന അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം എളുപ്പത്തിൽ പിടിപെടാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സ തേടിയവരില്‍ മൂന്നുപേര്‍ക്ക് സിഎസ്എഫ് റൈനോറിയ ഉള്ളവരാണ്.
രോഗം ബാധിച്ച് മരിച്ച സ്ത്രീക്കും ഇതേ രോഗാവസ്ഥയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. എന്നാൽ തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല.
മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ് എന്നറിയപ്പെടുന്നത്. ദുര്‍ബലമായ ഈ ഭാഗം പൊട്ടുന്നതു വഴിയാണ് സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ് പുറത്തേക്ക് ഒഴുകും.
ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യത ഏറെയാണ്. ഇതുള്ളവരില്‍ മെനിഞ്ചൈറ്റിസ് വരാനും സാധ്യതയുണ്ട്.
ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി ശസ്ത്രക്രിയയിലൂടെ ക്രിബ്രിഫോം പ്ലേറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
Summary: An 11-year-old girl from Chelari, Malappuram, who was diagnosed with amoebic meningoencephalitis, has fully recovered and been discharged from the hospital









