‘കാന്താര’യുടെ ചിത്രീകരണത്തിനിടെ വീണ്ടും മരണം; വിടവാങ്ങിയത് ‘കെജിഎഫ്’ താരം
മംഗളൂരു: ‘കാന്താര’ സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും കലാ സംവിധായകനുമായ ദിനേശ് മംഗളൂരു അന്തരിച്ചു. 55 വയസ്സായിരുന്നു. ‘കെജിഎഫി’ൽ ഷെട്ടി എന്ന മുംബെ ഡോണിന്റെ കഥാപാത്രത്തിലൂടെ മലയാളികൾക്കിടയിൽ അടക്കം സുപരിചിതനാണ് അദ്ദേഹം.
കെജിഎഫ്, കിച്ച, കിരിക്ക് പാർട്ടി എന്നീ സിനിമകളിലെ വേഷങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അദ്ദേഹം. സെറ്റിൽ വച്ചുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സ തുടരുകയായിരുന്നു.
തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ വീണ്ടും തലച്ചോറിൽ ഹെമറേജ് ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. തിങ്കളാഴ്ച രാവിലെ ഉഡുപ്പിയിലെ വീട്ടിൽ വച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്.
ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങൾ, സ്ലം ബാല, ദുർഗ, സ്മൈൽ, അതിഥി, സ്നേഹം, നാഗഭ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദിനേശ് മംഗളൂരു വേഷമിട്ടിട്ടുണ്ട്.
‘നമ്പർ 73’, ‘ശാന്തിനിവാസ്’ തുടങ്ങിയ ചിത്രങ്ങളിൽ കലാസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Summary: Kannada actor and art director Dinesh Mangalore, who suffered a paralytic stroke during the shoot of Kantara, passed away at the age of 55. He was well-known for his role as Shetty in KGF.