മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ
പിറവം: മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) അന്തരിച്ചു. പിറവത്ത് വാടകവീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു അദ്ദേഹം.
തേക്കുംമൂട്ടിൽപ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് പാലാ സുരേഷ് താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാതിരുന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ചലനമില്ലാതെ കിടക്കുന്നത് കണ്ടത്.
അകത്ത് നിന്നടച്ചിരുന്ന വാതിൽ തള്ളിത്തുറന്ന് അദ്ദേഹത്തെ ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഉറക്കത്തിൽ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം.
മൂന്നുപതിറ്റാണ്ടോളമായി മിമിക്രി വേദികളിൽ നിറഞ്ഞുനിന്ന കലാകാരനാണ് പാലാ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ് കൃഷ്ണ. മെഗാ ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനാണ് അദ്ദേഹം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേദിയിൽ അനുകരിച്ചതോടെയാണ് അദ്ദേഹം കൂടുതൽ ജനശ്രദ്ധ നേടിയത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും വേഷമിട്ടിരുന്നു.
എബിസിഡി എന്ന മലയാളം സിനിമയിൽ ഒരു പത്ര പ്രവർത്തകന്റെ വേഷവും ചെയ്തിരുന്നു. കൊല്ലം നർമ ട്രൂപ്പിൽ പ്രൊഫഷണൽ ആർട്ടിസ്റ്റായിരുന്നു. കൊച്ചിൻ രസികയിലും സജീവമായിരുന്നു അദ്ദേഹം.
രാമപുരം വെള്ളിലാപ്പിള്ളിൽ വെട്ടത്തുകുന്നേൽ വീട്ടിൽ പരേതനായ ബാലന്റെയും ഓമനയുടെയും മകനാണ് സുരേഷ്. ഭാര്യ: പേപ്പതി കാവലംപറമ്പിൽ കുടുംബാംഗം ദീപ. ദേവനന്ദു (നഴ്‌സിങ് വിദ്യാർഥിനി, ജർമനി), ദേവകൃഷ്ണ എന്നിവരാണ് മക്കൾ.
സംസ്‌കാരം ചൊവ്വാഴ്ച 10-ന് പിറവം കണ്ണീറ്റുമല ശ്മശാനത്തിൽ നടക്കും.
Summary: Renowned mimicry artist Suresh Krishna (Pala Suresh, 53) passed away. He was found dead at his rented house in Piravom. The artist, who had been undergoing treatment for heart-related ailments at Kottayam Medical College, leaves behind a rich legacy in the Malayalam mimicry world.