മെസിയെ കാണാൻ ഇവിടെ നിന്ന് ആരും പോയിട്ടില്ല…സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് കായികമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി. കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്നും, അത് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള അവരുടെ സ്വകാര്യ കരാറാണെന്നും മന്ത്രി പറഞ്ഞു. വിഷയം അനാവശ്യമായി വലുതാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
“മെസിയെ കാണാൻ ഇവിടെ നിന്ന് ആരും പോയിട്ടില്ല. സ്പെയിൻ സന്ദർശിച്ചപ്പോൾ അവരുടെ ക്യാമ്പ് സന്ദർശിച്ചതാണ്. 2024 സെപ്റ്റംബറിൽ മാഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായി കൂടിക്കാഴ്ച നടത്തി. എല്ലാ കാര്യങ്ങൾക്കും നടപടിക്രമങ്ങളുണ്ട്; അത് പൂർത്തിയാക്കിയ ശേഷമേ വിശദമായ മറുപടി നൽകൂ,” മന്ത്രി വ്യക്തമാക്കി.
അർജന്റീന ടീമിന്റെ സമയക്രമം മാറ്റിയത്, അഭ്യർത്ഥന പ്രകാരമാണെന്നും അത് യാഥാർത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു. “ഇത് അനാവശ്യമായി പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുകയാണ് ചിലർ. സ്പെയിൻ യാത്രയിൽ ഞാൻ ഒറ്റക്കല്ല; കായിക വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. യാത്രയ്ക്കു ചെലവ് വരും; പ്രധാനമന്ത്രിയുടെ യാത്രയ്ക്കും കോടികൾ ചെലവഴിച്ചു. ചെറിയ കാര്യങ്ങൾക്ക് വമ്പൻ വാർത്ത സൃഷ്ടിക്കുകയാണ്,” മന്ത്രി വിമർശിച്ചു.
കരാർ ലംഘനം നടത്തിയത് കേരളസർക്കാരെന്ന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ
തിരുവനന്തപുരം: ഫുട്ബോൾ ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. കരാർ ലംഘനം കേരള സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
ഒരു മാധ്യമപ്രവർത്തകനോട് സംസാരിച്ച പീറ്റേഴ്സൺ, കേരളത്തിലെ സ്പോൺസറിൽ നിന്ന് 130 കോടി രൂപ സ്വീകരിച്ചതായും, എന്നാൽ ടീം കേരളത്തിൽ വരാൻ വിസമ്മതിച്ചതായുള്ള ആരോപണം തെറ്റാണെന്നും വ്യക്തമാക്കി. കരാർ ലംഘിച്ചത് എഎഫ്എ അല്ല, കേരള സർക്കാരാണെന്ന് അദ്ദേഹം ആവർത്തിച്ചു.
സ്പോൺസർ–സർക്കാർ–എഎഫ്എ: ആരോപണങ്ങളുടെ പശ്ചാത്തലം
മുമ്പ്, കേരളത്തിലെ സ്പോൺസർ, ജൂൺ 6-ന് തന്നെ 130 കോടി രൂപ കൈമാറിയിട്ടുണ്ടെന്നും, കരാർ ലംഘിച്ചത് എഎഫ്എ ആണെന്നും ആരോപിച്ചിരുന്നു. കൂടാതെ, അർജന്റീന ടീമിനോ ലയണൽ മെസ്സിക്കോ ഇന്ത്യയിൽ കളിക്കണമെങ്കിൽ തങ്ങളുടെ അനുമതി വേണമെന്നും സ്പോൺസർ വ്യക്തമാക്കിയിരുന്നു.
ചർച്ചയായി മന്ത്രിയുടെ നിലപാട് മാറ്റങ്ങൾ
ആദ്യം: സംസ്ഥാന സർക്കാരാണ് ടീമിനെ കൊണ്ടുവരുന്നതെന്ന് മന്ത്രി പ്രസ്താവിച്ചു.
പിന്നീട്: സർക്കാരും സ്പോൺസറും ചേർന്നാണ് കരാർ ഒപ്പുവച്ചത് എന്ന് തിരുത്തി.
ഒടുവിൽ: അർജന്റീന ടീം വരില്ലെന്ന് വ്യക്തമായപ്പോൾ, സ്പോൺസറുടെ മാത്രം ബാധ്യതയാണെന്നും സർക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും വ്യക്തമാക്കി.
അർജന്റീന ടീമിന്റെ പിന്മാറ്റം സംബന്ധിച്ച് സ്പോൺസർമാരോട് വിശദീകരണം തേടി കായിക വകുപ്പ്
കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് അർജന്റീന ടീമിന്റെ പിന്മാറ്റം സംബന്ധിച്ച് സ്പോൺസർമാരോട് വിശദീകരണം തേടി കായിക വകുപ്പ്. ജനുവരിയിൽ പണം നൽകാം എന്നായിരുന്നു സ്പോൺസർമാർ വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ നിശ്ചിത സമയത്തും സ്പോൺസർമാർ തുക നൽകിയില്ലെന്ന് കായിക വകുപ്പ് അറിയിച്ചു.
മെസ്സിയുടേയും സംഘത്തിൻറെയും കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്തിലാക്കിയത് സ്പോൺസർമാരാണെന്നാണ് കായിക വകുപ്പ് പറയുന്നത്. 300 കോടിയിലധികം രൂപയാണ് അർജൻറനീയൻ ടീമിനെ കേരളത്തിലെത്തിക്കാൻ സർക്കാർ കണക്കാക്കിയ ചെലവ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്പോൺസർ.
കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ച ഒക്ടോബറിൽ തന്നെ മെസ്സിയും സംഘവും ചൈനയിൽ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അർജന്റീന മാധ്യമമായ ടിവൈസി സ്‌പോർടാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായത്.
ഒക്ടോബറിൽ അർജന്റീന ടീം ചൈനയിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുകയെന്ന് ടിവൈസി സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഒക്ടോബറിൽ അർജൻറീന ടീം കേരളത്തിൽ എത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിലാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചത്.
ഇക്കാര്യം പിന്നീട് സ്‌പോൺസർമാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തു. മത്സരം നടത്തുന്നതിനായി പ്രത്യേക സ്റ്റേഡിയം പണിയുമെന്നും അറിയിച്ചിരുന്നു. നിലവിൽ സ്‌പോൺസർഷിപ്പിൽ അർജന്റീനയുടെ വരവ് മുടങ്ങിയതോടെ പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി. അബ്ദുറഹ്‌മാനും സർക്കാരും വെട്ടിലായിരിക്കുകയാണ്.
ENGLISH SUMMARY:
Sports Minister V. Abdurahiman clarified that the Kerala government has not signed any agreement in connection with the Messi controversy. He stated that the agreement was signed by the sponsors, and it is a private contract with the Argentine Football Association (AFA). The minister accused certain groups of unnecessarily exaggerating the issue.









