ഷവർമ കടകളിൽ വ്യാപക പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന നടത്തിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
ആഗസ്റ്റ് 5, 6 തിയതികളിലായി രാത്രിയാണ് പരിശോധന നടത്തിയത് എന്നും മന്ത്രി വ്യക്തമാക്കി.
59 സ്‌ക്വാഡുകളാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഷവർമ കടകളിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം 256 കടകള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും, 263 കടകള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.
കൂടാതെ ഗുരുതര വീഴ്ച്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഷവര്‍മ കഴിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ച് വന്ന സാഹചര്യത്തില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഷവര്‍മ ഉണ്ടാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു.
സംസ്ഥാനത്തെ കടകളില്‍ പച്ചമുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കുന്നതിന് കര്‍ശന നിര്‍ദേശം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയിലും ഇക്കാര്യം പ്രത്യേകം പരിശോധിച്ചിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, അതിനായി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഉപകരണം, ഉണ്ടാക്കുന്നയാളുടെ വ്യക്തി ശുചിത്വം, മാംസത്തിന്റെ ഗുണമേന്മ തുടങ്ങിയ കാര്യങ്ങളിലും ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗ നിര്‍ദേശം ഇറക്കിയിട്ടുണ്ട്.
പാഴ്‌സല്‍ വില്‍ക്കുന്ന കടകളാണെങ്കില്‍ പാക്കറ്റില്‍ തീയതിയും, സമയവും കൃത്യമായി രേഖപ്പെടുത്തണം. ലൈസന്‍സോ രെജിസ്‌ട്രേഷനോ ഇല്ലാത്ത ആളുകള്‍ ഭക്ഷ്യ വസ്തുക്കളുടെ കച്ചവടം നടത്തുന്നത് കുറ്റകരമാണ്.
ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നവര്‍ക്ക് പ്രത്യേകം ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിബന്ധനയുണ്ട്.
കൊല്ലം പാളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാമിന്റെ പഴകിയ മാംസമാണ് പിടിച്ചെടുത്തത്.
ഷവര്‍മ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മാംസവും പിടിച്ചെടുത്തത്.
കടയില്‍ നിന്ന് വാങ്ങുന്ന ഭക്ഷണത്തെ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിനെ അറിയിക്കാവുന്നതാണ്.
Summary: Kerala Health Minister Veena George announced that special inspections were conducted at shawarma outlets across the state on August 5 and 6 nights, with 59 squads carrying out the checks.









