മതപരിവർത്തനം ആരോപിച്ച് വീണ്ടും ആക്രമണം
ജലേശ്വർ: മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ആക്രമിച്ച് ബജ്റംഗദൾ പ്രവർത്തകർ. ഒഡിഷയിലെ ജലേശ്വറിലാണ് ആക്രമണം നടന്നത്.
ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ പ്രീസ്റ്റ് ഫാ. ലിജോ നിരപ്പേല്‍, ബാലസോറിലെ ജോഡാ പാരിഷിലെ ഫാ. വി ജോജോ എന്നിവരെയാണ് മർദിച്ചത്. കന്യാസ്ത്രീകള്‍ക്കു നേരെയും അതിക്രമമുണ്ടായെന്നാണ് പുറത്തു വരുന്ന വിവരം.
ഇന്നലെ വൈകീട്ടാണ് അതിക്രമം നടന്നത്. വൈദികരും കന്യാസ്ത്രീകളും അടങ്ങിയ ഒരു സംഘം ഒരു മതവിശ്വാസിയുടെ ചരമവാര്‍ഷിക ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.
ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച് 9 മണിയോടെയാണ് ഇവര്‍ ഗ്രാമത്തില്‍ നിന്ന് മടങ്ങിയത്. മടങ്ങി വരും വഴി ഒരു ആളൊഴിഞ്ഞ സ്ഥലത്ത് 70ലേറെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ കാത്തുനില്‍ക്കുകയും ഇവരുടെ വാഹനങ്ങള്‍ തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി.
ഇവരോടൊപ്പം ഇരുചക്രവാഹനത്തിലെത്തിയ ഒരു വൈദികനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. കാറിലുണ്ടായിരുന്ന വൈദികരേയും കന്യാസ്ത്രീകളേയും അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു മര്‍ദനം ഉണ്ടായത്. സംഭവ സ്ഥലത്തേക്ക് പൊലീസെത്തിയപ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
9 ദിവസത്തെ ജയിൽവാസത്തിനു ശേഷം മലയാളി കന്യാസ്ത്രീകൾ പുറത്തിറങ്ങുമ്പോൾ….
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമെന്ന ഗുരുതര ആരോപണങ്ങളെ തുടർന്ന് ജയിലിലായിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പുർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത് സാധാരണ ഉപാധികളോടെ.
കർശനമായ ഉപാധികളില്ലാതെ, സാധാരണയായി കോടതികൾ മുന്നോട്ട് വെക്കുന്ന മൂന്ന് വ്യവസ്ഥകളോടെയാണ് ജാമ്യം ലഭിച്ചത്. ഈ വിധി വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകൻ അറിയിച്ചു.
ജാമ്യവ്യവസ്ഥകൾ:
ഓരോരുത്തർക്കും ₹50,000 തുകയ്ക്കുള്ള ആൾജാമ്യം
പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം
രാജ്യവിട്ടുപോകാൻ അനുവദിക്കില്ല
ബിലാസ്പുർ എൻഐഎ കോടതിയിലെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് ജാമ്യവിധി പ്രസ്താവിച്ചത്.
കഴിഞ്ഞ ഒൻപത് ദിവസമായി ജയിൽവാസത്തിലായിരുന്ന സിസ്റ്റർ വന്ദന ഫ്രാൻസിസ് (കണ്ണൂർ) സിസ്റ്റർ പ്രീതി മേരി (അങ്കമാലി) എന്നിവർ ഇന്ന് തന്നെ മോചിതരാകുമെന്നാണു പ്രതീക്ഷ.
കേസിന്റെ പശ്ചാത്തലം:
ദുർഗ് റെയിൽവേ സ്റ്റേഷനിൽ ജോലിക്കായി മൂന്നു യുവതികളോടൊപ്പം സിസ്റ്റർമാർ എത്തിയപ്പോഴാണ് ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞു വെച്ച് മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവുമെന്ന പേരിൽ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് പോലീസ് ഇരുവർക്കും ഗൗരവമായ വകുപ്പുകൾ ചുമത്തിയ്‌ക്കൊണ്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കുറ്റങ്ങൾക്ക് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.
വാദങ്ങൾ:
കോടതിയിൽ ഹാജരായ അഭിഭാഷകൻ അമൃതോ ദാസ്, യുവതിയ്ക്ക് അഞ്ചാം വയസ്സിൽ തന്നെ മതപരിവർത്തനം നടന്നതാണെന്നും, ജോലിക്കായി കൊണ്ടുപോകുന്നതിനുള്ള രേഖകൾ പൂർണ്ണമായി കൈവശമുണ്ടെന്നും വ്യക്തമാക്കി.
അതിനാൽ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ജാമ്യത്തിനായി വാദിച്ചു.
നിയമ പോരാട്ടം തുടരും:
ജാമ്യം ലഭിച്ചെങ്കിലും, കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ, എഫ്ഐആർ റദ്ദാക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംപിമാർ പ്രതികരിച്ചു.
കേസ് ഇപ്പോഴും അന്വേഷണനത്തിലാണെന്നും, പ്രോസിക്യൂഷൻ ഇതുവരെ ജാമ്യത്തിന് ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി രേഖപ്പെടുത്തിയിരുന്നു.
Summary: Two Malayali priests from the Balasore Diocese in Odisha were allegedly assaulted by Bajrang Dal activists over religious conversion accusations. The incident occurred in Jaleshwar, where Fr. Lijo Nirappel and Fr. V Jojo were targeted.