ദില്ലി : ജി 20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ രാഷ്ട്ര തലവൻമാർ ദില്ലിയിൽ വിമാനമിറങ്ങി തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഉച്ചക്കോടി നടക്കുന്നത്.ഇംഗ്ലണ്ട് പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ , കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ , ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന , ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി , യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ദില്ലിയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ നാളെ എത്തിച്ചേരും.ദില്ലിയില്‍ മൂന്ന് ദിവസത്തേയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പ്രഗതി മൈതാനിലെ ചേരികള്‍ ഉള്‍പ്പെടെ പൊളിച്ചുനീക്കിയത് വിവാദമായിരുന്നു. ദില്ലി വിമാനത്താവളം മുതല്‍ പ്രഗതി മൈതാന്‍ വരെ ഗ്രീന്‍ നെറ്റുകളും വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളും ഉപയോഗിച്ച് ചേരിപ്രദേശങ്ങള്‍ മറച്ചിട്ടുണ്ട്. വസന്ത് വിഹാർ,ആർ.കെ. പുരം തുടങ്ങിയ മേഖലകളിലെ ചേരികളെല്ലാം പച്ചവിരിപ്പിച്ച് മറച്ചിട്ടുണ്ട്. ഓട്ടോറിക്ഷ, സൈക്കിൾ റിക്ഷ എന്നിവ മൂന്ന് ദിവസത്തേയ്ക്ക് ഓടിക്കുന്നത് വിലക്കിയിട്ടുണ്ട്. തെരുവുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ എല്ലാം പിടികൂടി ദില്ലിയ്ക്ക് പുറത്തേക്ക് മാറ്റി. പക്ഷികളെ പോലും ഓടിച്ച് വിടുന്നതായി മൃഗസംരക്ഷണ പ്രവർത്തകർ വിമർശിച്ചു. വസുദൈവ കുടുംബം എന്നാണ് ജി ട്വന്റിയുടെ ആപ്ത വാക്യമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷെ പാവപ്പെട്ടവർക്കും മൃഗങ്ങൾക്കും പോലും രക്ഷയില്ലാതായെന്നും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നു.
വ്യാജ ഫോട്ടോകളും വ്യാപകം.
ജി20 ഉച്ചകോടിക്ക് മുമ്പായി ദില്ലിയിലെ പഴയ കെട്ടിടങ്ങളും ചേരികളും മറച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാനായി പഴയ ചിത്രങ്ങളും പ്രചരിക്കുന്നതായി കേന്ദ്ര സർക്കാർ. ജി20 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന് മുന്നോടിയായി 2022 ഡിസംബറില്‍ മുംബൈയിലെ ചേരികളും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും മറച്ചതിന്‍റെ ചിത്രമാണ് ഇപ്പോള്‍ ദില്ലിയിലേത് എന്ന രീതിയിൽ പ്രചരിക്കുന്നത്. ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലും ഇക്കാര്യം വ്യക്തം.ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദേശീയ മാധ്യമങ്ങളായ ദി ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പടെയുള്ളവര്‍ പ്രസിദ്ധീകരിച്ചിരുന്നു.
മോദി – ജോ ബൈഡൻ ചർച്ച നാളെ. ദില്ലിയിൽ അതീവ സുരക്ഷവേദിയിലാണ് കൂടിക്കാഴ്ച്ച.