ക്ഷേത്ര ഗോപുര നടയിൽ ദുർഗാ ദേവിയുടെ വിഗ്രഹം
തിരുവനന്തപുരം: ക്ഷേത്ര ഗോപുര നടയിൽ ദുർഗാ ദേവിയുടെ വിഗ്രഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാച്ചല്ലൂർ ക്ഷേത്രത്തിന്‍റെ ഗോപുര നടയിലാണ് വിഗ്രഹം കണ്ടെത്തിയത്.
പാച്ചല്ലൂർ ഭദ്രകാളി ദേവി ക്ഷേത്രത്തിന്‍റെ വടക്കേ ഗോപുര നടമണ്ഡപത്തിന് സമീപത്തു ഇന്നലെ വൈകിട്ടോടെയാണ് ദുർഗാദേവിയുടെ വിഗ്രഹം കണ്ടെത്തിയത്. എന്നാൽ ഈ വിഗ്രഹത്തിന് ഇതേ ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല.
വിഗ്രഹം എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ, ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്നു വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഇതേ ക്ഷേത്രത്തിൽ നിന്ന് സമീപവാസികൾ മോഷ്ടിച്ച സ്വർണവും വെള്ളി ചിലമ്പും മൂന്ന് പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര കോടതിയിൽ നിന്ന് ക്ഷേത്രം അധികൃതർക്ക് കൈമാറിയത്.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ നിന്ന് അലങ്കരിച്ച തുറന്ന വാഹനത്തിൽ വാദ്യമേളങ്ങളുടെ അകടമ്പടിയിൽ ഘോഷയാത്രയായാണ് സ്വർണവും വെള്ളി ചിലമ്പും ക്ഷേത്രത്തിലെത്തിച്ചത്.
ആഭരണങ്ങൾ ക്ഷേത്രത്തിൽ എത്തിയതിന് പിന്നാലെ മോഷ്ടാക്കളിൽ ഒരാൾ മരണപ്പെട്ടതായും ക്ഷേത്ര ഭാരവാഹി പറഞ്ഞു.
പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല
ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല.
ക്ഷേത്രത്തിൽ പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ്
15 ഗ്രാം തൂക്കം വരുന്ന അമൂല്യക്കല്ലുകൾ പതിച്ച സ്വർണ കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്.
പുതിയ ഓഫീസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം – പാത്ര രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ എണ്ണം പരിശോധന നടത്താറുണ്ട്.
ദേവസ്വം ഗോൾഡ് അപ്രൈസറാണ് കണക്കുകൾ തിട്ടപ്പെടുത്തിയത്.
കിരീടം കാണാനില്ലെന്ന് ദേവസ്വം ഓഫീസറായി ചുമതലയേറ്റ സച്ചിൻ വർമ്മദേവസ്വം വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.
നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസർ ദിനേശിന് പ്രൊമോഷൻ ലഭിച്ചതിനെ തുടർന്നാണ് പുതിയ ഓഫീസറായി സച്ചിൻ വർമ്മയെ ദേവസ്വം നിയോഗിച്ചത്.
രാജഭരണകാലം മുതലുള്ള അമൂല്യമായ സ്വർണ്ണക്കിരീടമാണ് നിലവിൽ കാണാതായത്.
പരാതിയെ തുടർന്ന് ദേവസ്വം വിജിലൻസ് അസി. കമ്മിഷണർ ഷീജയുടെ നേതൃത്വത്തിലുള്ള സംഘം പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെത്തി അന്വേഷണമാരംഭിച്ചു.
മാനസ ദേവീക്ഷേത്രത്തില്‍ തിക്കും തിരക്കും; ആറ് മരണം
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ മാനസ ദേവീക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
ഞായറാഴ്ചയാണ് സംഭവം. പ്രധാനക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിൽ വെച്ചാണ് തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റ മുപ്പത്തഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്ഷേത്രത്തിലെ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായതെന്ന് ഗഢ്‌വാള്‍ ഡിവിഷന്‍ കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡേ അറിയിച്ചു.
ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, എന്താണ് തിക്കുംതിരക്കുമുണ്ടാകാന്‍ കാരണമായത് എന്ന കാര്യം വ്യക്തമല്ല.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Summary: An idol of Goddess Durga was found abandoned at the entrance of the Gopuram at a temple in Pachalloor, Thiruvananthapuram. Authorities are investigating how the idol was left there.