തെരുവു നായയുടെ കടിയേറ്റു
മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തിൽ പിതാവിനും മകനും പരിക്ക്. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. പിതാവിനും മകനുമാണ് തെരുവ് നായയുടെ കടിയേറ്റ് പരിക്കേറ്റത്. ആനമങ്ങാട് പരിയാപുരം കൊല്ലമ്പിൽ ഹംസയും അദ്ദേഹത്തിന്റെ മകൻ ശിഹാബിനുമാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് സ്വന്തം വീട്ടിന്റെ മുന്നിൽ നിൽക്കുമ്പോഴാണ് ഇരുവരെയും നായ കടിച്ചത്. ശിഹാബിന്റെ മകൻ ആദം എന്ന കുഞ്ഞിനെയാണ് നായ ആദ്യം ആക്രമിക്കാൻ ശ്രമിച്ചത്. ഇതുകണ്ട്കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ഹംസക്കും ശിഹാബിനും കടി ഏൽക്കുകയായിരുന്നു. ഹംസയുടെ കൈവിരലിലും ശിഹാബിന്റെ കാലിലും ഗുരുതരമായി പരുക്കുണ്ട്. ഇരുവരെയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ, കഴിഞ്ഞ ആഴ്ച നാരങ്ങാനം പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു. ആലുങ്കൽ ആദിൽ മൻസിലിൽ ആദിൽ അസീസ്, ഇളപ്പുങ്ങൽ മോസ്കോ പടിയിലുള്ള സിനി ലാൻഡ് വീട്ടിൽ നിഥിയുടെ മകൾ വിശ്യിക നിഥിൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഒരു വിദ്യാർത്ഥിനിയുടെ കാലിലെ ഇറച്ചി നായ കടിച്ചെടുക്കുകയും ചെയ്തു.
മാവേലിക്കരയിൽ നൂറോളം പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ
മാവേലിക്കര: മാവേലിക്കരയിൽ നൂറോളം പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധയെന്ന് സ്ഥിരീകരണം.മൂന്നു വയസുകാരി ഉൾപ്പെടെ 77 മനുഷ്യരെയും നിരവധി വളർത്തുമൃഗങ്ങളെയും കടിച്ച തെരുവ് നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതൽ അക്രമാസക്തനായി ആളുകളെ കടിച്ച തെരുവ് നായയെ ഞയറാഴ്ച്ച ചത്തനിലയിൽ കണ്ടെത്തിയിരുന്നു.നാട്ടുകാർ ചേർന്ന് കുഴിച്ചിട്ട തെരുവ്നായയെ നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണു മവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി തെരുവ് നായയുടെ ആക്രമണമുണ്ടായത്.മൂന്നു വയസ്സുകാരി ഉൾപ്പെടെ 77 ഓളം പേർക്കോണ് തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ്, എ.ആർ. ജംഗ്ഷൻ, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂർ, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലാണ് തെരുവുനായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്.കടിച്ച നായയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും അതിന്സാധിച്ചിരുന്നില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവിൽ ചത്തനിലയിൽ കാണപ്പെട്ട തെരുവ്നായയെ ചിലർ കുഴിച്ചുമൂടുകയായിരുന്നു.
നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ജനങ്ങളുടെ ഭീതി അകറ്റുവാൻ അധികൃതർ തയാറാകാതെ കുഴിച്ചു മുടിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്.നിലവിൽ മാവേലിക്കരയിലെ വെറ്റിനറി സർജൻ ഡോ.ആർ.അജിവിന്റെ നേതൃത്വത്തിൽ പ്രായിക്കര, പുതിയകാവ്, മാവേലിക്കര ടൗൺ എന്നിവിടങ്ങളിലെ നായയിൽ നിന്നും കടിയേറ്റിട്ടുണ്ടെന്ന് കരുതുന്ന മറ്റു നായകൾക്ക് വാക്‌സിനേഷൻ നൽകിയിരുന്നു. എന്നാൽ നൂറ് കണക്കിന് ജീവികൾക്ക് കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നൂറ് കണക്കിന് തെരുവ് നായകളുള്ള മാവേലിക്കരയിൽ പൂർണ്ണമായും വാക്‌സിനേഷൻ നൽകുക എന്നത് വലിയ പ്രശ്‌നമാണ്.
English SUmmary:
A father and son sustained injuries after being attacked by a stray dog in Perinthalmanna, Malappuram. The incident occurred in Anamangad, near Pariyapuram Kollampil.