അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച് ദിവസത്തേക്ക് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ഒൻപതു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 14നും യെലോ അലർട്ട് തുടരും.
ഈ മാസം 15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം കന്യാകുമാരി തീരത്ത് ഇന്ന് 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം.
എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല.
ജാഗ്രതാ നിർദേശങ്ങൾ
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
കൂടാതെ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അമിത് ഷാ തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. ബിജെപിയുടെ പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തിയത്.
ഇന്ന് രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ കെജി മാരാർ സ്മാരക സ്തൂപം അമിത് ഷാ അനാച്ഛാദനം ചെയ്യും. പിന്നാലെ ബിജെപി നിർവാഹക സമിതി യോഗത്തിലും പങ്കെടുക്കും.
തുടർന്ന് ബിജെപി പഞ്ചായത്ത് തല നേതൃ യോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് ബിജെപിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ ആകും പ്രധാനമായും അമിത് ഷാ കേരള നേതാക്കൾക്ക് നൽകുക.
സംസ്ഥാനത്ത് ബിജെപി നേതൃനിരയുടെ പുനഃസംഘടനയ്ക്ക് ശേഷം ഇതാദ്യമായാണ് നേതൃയോഗം നടക്കുന്നത്.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരളാ സന്ദർശനത്തിൻ്റ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി.
കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ, പാരാ ഗ്ലൈഡർ, ഹാട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
ഇന്നലെ മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ആണ് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടത്. വിമാനത്താവളത്തിന്റെ അതിർത്തി മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Summary: Heavy rainfall is expected to continue across Kerala for the next five days, according to the India Meteorological Department (IMD). A yellow alert has been issued in nine districts including Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod.